Powered By Blogger

Friday, June 24, 2011

രാജ്യദ്രോഹി


എട്ടില്‍നിന്ന് ഒമ്പതിലെയ്ക്ക് ജയിച്ചു സസന്തോഷം പുതിയ ക്ലാസ്സിലേയ്ക്ക് എത്തിയ ഞങ്ങളെ പ്രതീക്ഷിച്ചു അവരുണ്ടായിരുന്നു. 
സുരേഷ് - എട്ടില്‍ രണ്ടു കൊല്ലത്തെ  കൈലുകുത്ത്  കഴിഞ്ഞു ഒമ്പതില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥി  
ജോസ് - ഒമ്പതില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥി  
ജോണ്  - എട്ടില്‍ രണ്ടു കൊല്ലം  കഴിഞ്ഞു ഒമ്പതില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി 

ഞങ്ങളില്‍ പലരും ട്രൌസറും പാന്റുമൊക്കെ ധരിച്ചാണ് ചെന്നതെങ്കിലും ഈ സഖാക്കള് മുണ്ടുടുതായിരുന്നു ക്ലാസ്സില്‍ അവതരിച്ചിരുന്നത്. 

''ആഹ.. നമ്മുടെ അമ്മാവന്മാരൊക്കെ ഇക്കൊല്ലവും ഉണ്ടല്ലോ..'' എന്ന് മലയാളം ടീച്ചറും
 'ബാക്കി കുട്ടികളെ ശല്യപ്പെടുത്തരുത് ' എന്ന് മറ്റു അധ്യാപകരും ആമുഖ ക്ലാസ്സുകളില്‍ ഇവര്‍ക്ക് ആശംസകള്‍ നേര്ന്നതോടെ ഞങ്ങള്‍ക്ക് ഏകദേശം ധാരണയായി.  
പേടി കലര്‍ന്ന ബഹുമാനം എല്ലാവരും അവര്‍ക്ക് നല്‍കി. 

ത്രിമൂര്‍ത്തികള്‍ ക്രമേണ ഞങ്ങളുടെ സുഹൃത്തുക്കളായി.. 
മറ്റു ക്ലാസ്സുകളിലെ പിള്ളേര്‍ തല്ലുകൂടാന്‍ വന്നാല്‍ ഇവരെ വച്ച് ഞങ്ങള്‍ തിരിച്ചടിച്ചു.
സ്പോര്‍ട്സ് ഉം  ആര്‍ട്സ് ഉം ത്രിമൂര്‍ത്തികളുടെ പിന്തു കൊണ്ട് ഞങ്ങള്‍ വിജയികളായി.

'ടൈം ടേബിള്‍ ഫീസ് ' വേണമെന്ന് പറഞ്ഞു (ഇല്ലെങ്കില്‍ ഏതാ പരീക്ഷ എന്ന് അറിയാന്‍ പറ്റില്ലെത്രേ!) വീട്ടീന്ന് കാശു അടിച്ചു മാറ്റിയും 'ലോഗരിതം ടേബിള്‍ 'ന്റെ കാലോടിഞ്ഞതിനു കൊമ്പന്സഷന്‍ വേണമെന്ന് പറഞ്ഞു കാശ്  തരമാക്കിയും മഹാ ത്രയങ്ങള്‍ ഞങ്ങളെ രസിപ്പിക്കുകയും പല്ലോട്ടി അഥവാ ടാര്‍ മിട്ടായി, നാരങ്ങ സത്ത്,  പൊട്ടു കടല എന്നിവ വാങ്ങി തരുകയും ചെയ്തുപോന്നു.

ഒരിക്കല്‍ അധ്യാപകനില്ലാതെ അപസ്വരമായിക്കൊണ്ടിരുന്ന ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് ബഹളം ശമിപ്പിക്കാന്‍ തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചര്‍ വന്നു..

സൈലന്‍സ് ..(അകമ്പടിയായി ചൂരലുകൊണ്ട് മേശമേല്‍ ഒരടി) ആരാ നിങ്ങള്ക്ക് ഈ ഹവര്‍?
ജോസിന്റെ നിര്‍ദ്ദേശപ്രകാരം അവന്റെ തൊട്ടു മുന്നില്‍ ഇരുന്നിരുന്ന സ്കൂളില്‍ പുതിയതായി ചേര്‍ന്ന കുട്ടി - ജൈസണ്‍ നിഷ്കളങ്കം പറഞ്ഞു..
'ഘോരന്‍ മാഷാ .. '
ക്ലാസ് മുഴുവന്‍ അട്ടഹസിച്ചു ചിരിച്ചു. 
വന്ന ചിരി കടിച്ചമര്‍ത്തി ടീച്ചര്‍ സ്ഥലം കാലിയാക്കി.
സുകുമാരന്‍ എന്ന സയന്‍സ് മാഷുടെ ഇരട്ടപ്പേരാണ് അതെന്നു അറിയാത്തതായി ആ പാവം മാത്രമേ ആ സ്കൂളില്‍ ഉണ്ടായിരുന്നുള്ളൂ! 

ഇടയ്ക്ക്, തലവേദന, വയറിളക്കം മുതലായ അസുഖങ്ങളാല്‍ ഇവരിലാരെങ്കിലും മുടങ്ങിയാല്‍ പിറ്റേന്ന് ഞങ്ങള്‍ക്ക് അടുത്ത തിയ്യേറ്ററില്‍ ഓടുന്ന പീസ്‌ പത്തിന്റെ കഥ കേള്‍ക്കാം.
അങ്ങിനെ.. മുണ്ട് മുഷിയാതിരിക്കാന്‍, ഇരിക്കുമ്പോള്‍ അത് ജെട്ടിയ്ക്ക് മുകളിലേയ്ക്ക് കയറ്റി വച്ചും, ഇത്തിരി പ്രായോഗിക ബുദ്ധി കുറഞ്ഞവരെ നെടു നെടുങ്കനായി പറ്റിച്ചും 
വിരാജിച്ചിരുന്ന ത്രിമൂര്‍ത്തികളെ ചുറ്റിപ്പറ്റി ആ ദിവസങ്ങള്‍ മുന്നോട്ടു പോയി.

പരീക്ഷകളില്‍ സുരേഷ് പാസ്സ്മാര്‍ക്ക് വാങ്ങിത്തുടങ്ങിയപ്പോള് ആണ്  എല്ലാ അധ്യാപകരും അവനെ പ്രശംസകൊണ്ട് മൂടി തുടങ്ങിയത് ..

'ഇത് നേരത്തെ ആകാമായിരുന്നില്ലേ, എത്ര കൊല്ലം കളഞ്ഞു' എന്നൊക്കെ പറഞ്ഞു കേട്ട്
' ഓ.. ഞാനിതൊക്കെ വേണ്ടാന്നു വച്ചിട്ടല്ലേ' എന്ന റോളില്‍ സുരേഷ് നിന്നു!

കഷ്ടപ്പെട്ട് ഉറക്കമോളിച്ചിരുന്നു പഠിക്കുകയും എല്ലാ പരീക്ഷയ്ക്കും അറുപതു ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങുകയും ചെയ്യുന്ന പിയെസ് സുരേഷ് എന്ന പാവത്താന്റെ ഉത്തരങ്ങള്‍ അവനെ ഭീഷണിപ്പെടുത്തി പകര്‍ത്തി എഴുതുന്നതാണ് തന്‍റെ മാര്‍ക്കിന്റെ രഹസ്യമെന്ന് ജോസിനോടും ജോണിനോടും വരെ കഥാനായകന്‍ പറഞ്ഞില്ല.. മറ്റുള്ളവര്‍ അറിഞ്ഞാല്‍ കിട്ടുന്ന അടിയുടെ പേടിയില്‍ പിയെസ് സുരേഷും പറഞ്ഞില്ല!!

അരക്കൊല്ല പരീക്ഷയുടെ ഹിസ്റ്ററി ഉത്തര പേപ്പര്‍ തന്നു കഴിഞ്ഞു.. 
സുരേഷിന്റെ പേപ്പര്‍ മാത്രം ഇല്ല.

'എന്‍റെ പേപ്പര് കിട്ടിയില്ല ' എന്ന പ്രസ്താവനയ്ക്ക് 
'മഹാനായ സുരേഷ് .. ഇങ്ങു വരൂ' എന്നാണ് 'മൂരിക്കുട്ടി' എന്നറിയപ്പെടുന്ന മേരിട്ടീച്ചര്‍ മറുപടിയായി പറഞ്ഞത്..

'നോക്കൂ.. ഇതാണ് മഹാനായ സുരേഷ്. 
ആര്‍ക്കു വേണ്ടിയാ നീയൊക്കെ പഠിക്കാന്‍ വരുന്നത്? വീടിനോ നാടിനോ പ്രയോജനം വേണ്ട.. രാജ്യത്തിനോടെങ്കിലും ഒരിത്തിരി നീതി പുലര്‍ത്ത ണ്ടേ.. 
സ്വാതന്ത്ര്യത്തിനായി എത്ര പേരുടെ ചോര വീണു കുതിര്‍ന്ന മണ്ണിലാണ് നീയൊക്കെ നട്ടെല്ലും നീര്‍ത്തി നില്‍ക്കുന്നതെന്നരിയുമോ?.........'

ഞങ്ങള്‍ക്കെന്നല്ല സുരേഷിനും എന്താ കാര്യമെന്ന് മനസ്സിലായില്ല.

'ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ ആര്‍ എന്ന ചോദ്യത്തിന് ഈ മഹാന്‍ എഴുതി വച്ച ഉത്തരം കേള്‍ക്കണോ.. കല്‍ക്കരി !!'

ക്ലാസ് മൊത്തം അമ്പരന്നു.. പിന്നെ കൂട്ടചിരിയിലെയ്ക്ക് വഴിമാറി.

'എന്തിനാടാ രാജ്യത്തെക്കൂടി അവഹേളിക്കുന്നത്? ഒന്നും എഴുതിയില്ലെങ്കിലും ഈ രാജ്യദ്രോഹം എഴുതി വച്ചതെന്തിനാ?..
പറഞ്ഞിട്ടും കാര്യമില്ല, തല്ലീട്ടും കാര്യമില്ല.. ഒരു കാര്യം ചെയ്യ്.. നാളെ അച്ഛനേം വിളിച്ചു കൊണ്ട് വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതി. കല്‍ക്കരിവിശേഷം അച്ഛനും അറിയട്ടെ.'

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ വായും പൊളിച്ചു സുരേഷ് ഒടിഞ്ഞു തൂങ്ങിയ തലയുമായി സീറ്റില്‍ വന്നിരുന്നു.
എന്തിനെയും നിസ്സാരമായി എടുക്കാറുള്ള സുരേഷിന്റെ കണ്ണുകളില്‍ ആദ്യമായി കണ്ണീര്‍  പൊടിഞ്ഞത് ഞങ്ങള്‍ കണ്ടു.

പിറ്റേന്ന് എന്നല്ല .. പിന്നീട് സുരേഷ് ക്ലാസ്സില്‍ വന്നെ ഇല്ല.
കുറെ നാളുകള്‍ക്കു ശേഷം ഒരു കടയുടെ മുന്നില്‍ നിറുത്തിയിരുന്ന ലോരിയില്‍നിന്നു അങ്ങാടി സിനിമയിലെ ജയനെപ്പോലെ പച്ചക്കറിചാക്ക് ഇറക്കുന്ന സുരേഷിനെ ഞാന്‍ കണ്ടു.
'രാജ്യദ്രോഹി' സുരേഷ് പഠിപ്പ് നിറുത്തി എന്ന് ഞങ്ങള്‍ സ്തിതീകരിച്ചു.

വര്‍ഷാവസാന പരീക്ഷയുടെ അവസാന ദിവസം.. മറ്റെല്ലവരേം ഒഴിവാക്കി പിയെസ് സുരേഷ് എന്നോട് പറഞ്ഞു..
'ഡാ സുരേഷ് പഠിപ്പ് നിര്‍ത്താന്‍ കാരണം ഞാനാ.. 
എല്ലാ ഉത്തരവും കോപ്പി അടിക്കുന്നതിലുള്ള ദേഷ്യം കാരണം ഞാന്‍ ഒമ്പതാമത്തെ ചോദ്യത്തിന് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്ന ഉത്തരത്തിനു പകരം കല്‍ക്കരി എന്ന് എഴുതി. 
എന്നിട്ട് അവസാനം പേപ്പര്‍ കൊടുക്കാന്‍ നേരം വെട്ടി ശരിയുത്തരമാക്കി. 
അവന്‍ അത് അങ്ങിനെതന്നെ പകര്‍ത്തി വച്ചതാ പ്രശ്നമായത്‌. പാവം .'

പഠിപ്പ് നിര്‍ത്തിയതുകൊണ്ട് ജീവിതത്തില്‍ എങ്ങുമെത്താതെ പോകുന്ന   സുരേഷിനെക്കുറിച്ച് എനിക്ക് ആശങ്കയൊന്നും തോന്നിയില്ല.
പക്ഷെ , 'രാജ്യദ്രോഹി' എന്ന വിളി  കേട്ട് .. എന്ത്  കുറ്റമാണ്  ചെയ്തതെന്ന്  പോലും  മനസ്സിലാകാതെ നിന്ന അവന്റെ  കണ്ണില്‍  പൊടിഞ്ഞ കണ്ണീര്‍ക്കണങ്ങളുടെ തിളക്കം ഇന്നും എന്നെ അലോസരപ്പെടുത്തുന്നുണ്ട്.

Wednesday, June 15, 2011

മലയാറ്റൂര്‍ യാത്ര

ഞങ്ങള്‍ മാപ്ലമാര്‍ക്ക് (ക്രിസ്ത്യാനികള്‍ക്ക്) നോമ്പുകാലമാണല്ലോ!
മണ്ഡലം നോയമ്പ്, മുസ്ലീങ്ങളുടെ നോയമ്പ് എന്നത് പോലെയുള്ള ഒരു നോയമ്പ് അല്ല ഇത്!
ചിലര്‍ക്ക് മീന്‍ മാത്രം നോയമ്പ്, ചിലര്‍ക്ക് ഇറച്ചി,
പിന്നെ.. കഷണത്തിന് മാത്രം, ചാറിനു മാത്രം അങ്ങിനെ പല പല വേരിയെഷനുകള്‍
ഞങ്ങളുടെ നോയംബില്‍ കാണാം!!
ഇക്കാലത്ത് വിസ്കിക്ക് മാത്രം വിലക്ക് കല്‍പ്പിച്ചു വയറു നിറയെ ബ്രാണ്ടി കുടിക്കുന്നവരും ധാരാളം.
എന്തൊക്കെയായാലും വലിയ ആഴ്ചയില്‍ മലയാറ്റൂര്‍ മല കയറി പാപഭാരം കുറയ്ക്കുന്നവരാന് ഞങ്ങള്‍.

ഇരുപതുകളുടെ തുടക്കത്തില്‍ (1920 അല്ല, 20 വയസ്സ്) ,
സിനിമ മുതല്‍ പന്തുകളിക്കു വരെ വിടില്ലെങ്കിലും മലയാറ്റൂര്‍ക്ക് പോകുകയാണെന്ന് പറഞ്ഞാല്‍
വീട്ടീന്ന് പൂര്‍ണ്ണ സമ്മതം.
വൈകീട്ട്, വീട്ടിലെ രൂപക്കൂട്ടിനടുത്തു വച്ചിരിക്കുന്ന ചെറിയ കുരിശുമോക്കെയായി
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വീട്ടില്‍നിന്നിറങ്ങുന്നു..
പറഞ്ഞുരപ്പിച്ചപോലെ എല്ലാവരും എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ യാത്ര തുടങ്ങുകയായി.
ചിലപ്പോള്‍ നടന്ന്.. മറ്റു ചിലപ്പോള്‍ ബസില്‍.
ഭക്തിപാരവശ്യം സിനിമാ വിശേഷങ്ങളിലെയ്ക്കും കുളിസീന്‍ കണ്ട വിശേഷങ്ങളിലെയ്ക്കുമോക്കെയായി എപ്പോ വഴിമാറിയെന്നു ചോദിച്ചാല്‍ മതി!
ചിലര്‍ക്ക് നിര്‍ഭയമായി കാജാബീഡി വലിച്ചു പഠിക്കാനുള്ള പരിശീലന വേദിയാണ് ഈ യാത്രവേളകള്‍!
ഒരിക്കല്‍ റോഡിലേയ്ക്ക് ചാഞ്ഞു നിന്ന ഒരു മാവില്‍ കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങ വീതം വച്ച് നടപ്പ് തുടങ്ങിയപ്പോള്‍ ഒരു സഖാവ് മാത്രം യാതൊരു കുലുക്കവുമില്ലാതെ, പിന്നേം നിന്നെറിയുകയാണ്.

"ഡാ .. മതി മതി.. നീയെന്താ മാങ്ങ കച്ചോടത്തിനു കൊണ്ടുവാനുള്ള പരിപാട്യാ?"
എന്ന് ചോദിച്ചപ്പോള്‍ മറുപടി റെഡി.
"നീ പോയേരാ.. പറ്റുംന്ന്വേച്ചാ.. ഒന്ന് വന്നു ഹെല്പ് ചെയ്യടാ ശവീ
എന്‍റെ കുരിശേ, മാവുംമേ തങ്ങി നിക്കാ!
അതില്ലണ്ട് വീട്ടീ കേട്ടില്ല മോനെ."

സര്‍ കൈസര്‍

ഒന്നാംതരം കാലവർഷ മഴയുടെ താളക്രമങ്ങൾ ആസ്വദിച്ച് വേലുക്കുട്ടിയുടെ ചായക്കടയിൽ വെറുതെയിരിക്കുകയായിരുന്നു, രാമന്നായരും സംഘവും.
"ഇത്തവണ മഴ ഉഷാറാട്ടാ.."
"ഇന്ന് വൈന്നേരം തന്നെ അറപ്പത്തോട് കവിയും, ഉറപ്പാ."
"ന്നാ.. ഇന്ന് ഇറങ്ങ്വാല്ലേ?"
"എന്തിന്?"
"ഹ, ഇയാൾക്ക് ഒരു വിവരവുമില്ലല്ലോ. അല്ലേലും മഴ മേത്തടിച്ചാ പനി പിടിക്കണ താനൊന്നും വരൻഡ്രോ."
"നായരെ, താൻ ഒറ്റാലും കൂടെ എടുത്തോളൂ ട്ടോ."
"വെഷമം വിചാരിക്കരുത്. എടുക്കില്ല. കഴിഞ്ഞ ഊത്തല് പിടുത്തത്തിന് പോയി തിരികെ വരുമ്പോ രണ്ടഴി കളഞ്ഞട്ടാ ആ സാധനം തിരിച്ച് വീട്ടീ കേറീത്‌. മാക്കോതപ്പറയന്റെ പിന്നാലെ നാല് ചാല് നടന്നിട്ടാ അതൊന്ന് നന്നാക്കി കിട്ടീത്. ഞാൻ വേണേ എന്റെ വട്ടവലയെടുക്കാം."
"എന്നാ.. അങ്ങിനെ."
ചായക്കടയുടെ ഡസ്കിൽ വീണ പപ്പടവടത്തരികളെ സ്വന്തമാക്കാൻ വന്ന ഇക്കിളിയുറുമ്പുകളെ പതുക്കെ ആട്ടിപ്പായിച്ച് അതുകൂടെ വിരലുംകൊണ്ട് തോണ്ടി വായിലാക്കി മഴയുടെ അടുത്ത തോർച്ച നോക്കി നായരിരുന്നു.


മങ്ങിക്കത്തുന്ന വഴിവിളക്കുകൾ പിന്നിട്ട് ചാറിപ്പെയ്യുന്ന മഴയിൽ പാടത്തേയ്ക്കിറങ്ങുമ്പോൾ അവര് നാലുപേരുണ്ടായിരുന്നു. പാടത്തിനു നടുവിലൂടെ ഒറ്റയ്ക്കൊരു പെട്രോമാക്സ് നീങ്ങുന്നു.
"വേലായുധനാ.. ആ ശവി ഒറ്റയ്‌ക്കെ പോവൂള്ളല്ലോ."
"അയാൾ കിട്ടാണത് വിറ്റ് നാല് കാശുണ്ടാക്കാൻ പോന്നോണാ. നമ്മള് രസത്തിനും. അപ്പൊ അവൻ ഒറ്റയ്ക്ക് പോയാ മതി."
"പെട്രോമാക്സ് നനയ്ക്കല്ലേ ട്ടാ. ചില്ലുമ്മെ വെള്ളം വീണാ ചറപറാ പൊട്ടും."
"ഇയാളുടെ കോപ്പു ഇയാളെന്നെ പിടിച്ചോ. എന്റെല് എവറെഡീരെ അഞ്ചു സെല്ല് ടോർച്ചുൻഡ്രോ."

അങ്ങേ കരയിൽ, പിഷാരടീടെ കണ്ടങ്ങളിൽ ആരൊക്കെയോ വെളിച്ചവുമായി ഇറങ്ങിയിട്ടുണ്ട്.

"അമ്പോ, ദേ.. കോളടിച്ചു. ലോനപ്പന്റെ കണ്ടത്തീ നോക്കിയേ."
പെട്രോമാക്സിന്റെ വെളിച്ചത്തിൽ കണ്ടത്തിന്റെ ഒരു ഭാഗം മിന്നിത്തിളങ്ങി.
"മനോഹരാ ആ കഴയടച്ചോ, കുറുവക്കൂട്ടാ. പത്തുനാല്പതെണ്ണം കാണും."
അങ്ങനെ ഊത്ത കയറുന്ന മീനുകളെ പിടിക്കാൻ പരസ്പരം പ്രോത്സാഹിപ്പിച്ചും വെട്ടുകൊള്ളാതെ കബളിപ്പിച്ച് കടന്ന മീനുകളെക്കുറിച്ച് കളിയാക്കിയും സമയം പാതിരയായി.

"മതി. ഇനി ഇമ്മക്ക് പോവാ."
"ഹൈ.. മ്മള് തോടിന്റെ ഭാഗത്തേയ്ക്ക് എത്തീട്ടില്ല. നല്ല ബ്രാലോക്കെ കേറി വരണത് അവടന്നല്ലെ."
"തനിക്കു ഈ മീൻ പോരടോ നായരെ? വീട്ടില് വേറെ ആരും തിന്നേമില്ല."
"ഞാൻ തിരിച്ചു പോവാ."
"അല്ലടാ, ഈ വലേം കൊണ്ട് വന്നിട്ട്... ഒന്ന് എടത്തോട്ടീ എങ്കിലും കുത്താണ്ട്.."
"താൻ പോയി കുത്തിക്കോ."
"ഞങ്ങ പോവാ."
"ദാ തന്റെ പങ്കിന്നോ."
"അല്ലെങ്കിലും ഈ മൈ..കളെ കൊണ്ടൊന്നും ഇറങ്ങരുത്. ശവങ്ങള്."
ഉറക്കെ തെറി പറഞ്ഞുകൊണ്ട് വലേം സഞ്ചിയുമായി നായര്‌ മുന്നോട്ടു നടന്നു.

അറപ്പത്തോട്‌ കവിഞ്ഞിട്ടുണ്ട്.
നായര്‌, ഇടത്തോട്ടിൽ വല കുത്തി.
നല്ലൊരു മഴ പെയ്തു. വലയിലെന്തോ തൊട്ടു. പിടഞ്ഞു തിരിയും മുമ്പ് നായര് വല പൊക്കി. രണ്ടു കിലോയോളം വരുന്നൊരു വാളയായിരുന്നു അത്.
"ആ ശവികൾ പോയത് നന്നായി, അല്ലേൽ ഇത് പങ്കു വയ്‌ക്കേണ്ടി വന്നേനെ." അയാൾ മനസ്സിൽ പറഞ്ഞു.
രണ്ടുമൂന്നു ചെറുമീനുകൾ കൂടി വലയിൽ കുടുങ്ങി. എവിടെനിന്നോ ഒലിച്ചു വന്ന മരക്കഷണങ്ങളും പട്ടികകളും വലയിൽ കയറിത്തുടങ്ങിയപ്പോൾ അയാൾ വല പൊക്കി.

ഇത് അവസാനത്തെ.. എന്നൊരു പ്രസ്താവന സ്വയം നടത്തി, അയാൾ കുറച്ച് കഴിഞ്ഞപ്പോൾ വല വച്ചു. ഇത്തവണ വലയിൽ കുടുങ്ങിയ വിചിത്ര ജീവിയെ കണ്ട് അയാൾ അമ്പരന്നു. നീർനായക്കുഞ്ഞാണോ..? ടോർച്ച് തെളിയിച്ചു അയാൾ വല കുടഞ്ഞു.

അതൊരു നായ്ക്കുട്ടിയായിരുന്നു. തണുത്ത് വിറങ്ങലിച്ച് അത് തോട്ടുവക്കിൽ ചുരുണ്ടു കിടന്നു.
"മനുഷ്യനെ പേടിപ്പിക്കാൻ.. കുരിപ്പ്."
കല്ലും കമ്പും നീക്കി അയാൾ വല ചുരുട്ടി.
തോട്ടുവക്കീന്നു പാടത്തിന്റെ വരമ്പിലേക്കിറങ്ങുമ്പോൾ നായര് ടോർച്ച്, ഒന്നുകൂടെ തെളിയിച്ചു തിരിഞ്ഞു നോക്കി.
കണ്ണുതുറന്ന്, ദയനീയമായി വിറച്ചുകൊണ്ട് ആ നായ്ക്കുഞ്ഞു  അയാളെ തിരിച്ചും..


.......................................


കാലം കടന്നു പോയി..

വെലുക്കുട്ടിയുടെ ചായക്കട, മോഹനന്റെ ബാര്‍ബര്‍ഷാപ്, എരുമയെ തേച്ചു കഴുകാന്‍ കൊണ്ട് പോകുന്ന കനാല്‍ എന്നീ മീറ്റിംഗ് പ്ളേസുകളില്‍ ശൂരതയുടെ പര്യായമായി രാമന്‍ നായര്‍ അവതരിപ്പിക്കുകയും പല ആളുകളും 'എന്നെ കടിക്കാന്‍ വന്നു', 'ലവനെ ഓടിച്ചു'..എന്നീ അനുഭവ കഥകളാല്‍ പൊടിപ്പും തൊങ്ങലും വെയ്ക്കുകയും ചെയ്തതോടെ 'കൈസര്‍' നാട്ടിലെ 'സര്‍' പദവി നേടിയ ആദ്യത്തെ പട്ടി ആയി മാറി. രാമന്‍ നായരുടെ പറമ്പില്‍ കശുവണ്ടി പെറുക്കാനോ കണ്ണിമാങ്ങാ എറിഞ്ഞിടാനോ പിള്ളേര് പോലും കയറാതെയുമായി.

"പട്ടിയെ കെട്ടിയിട്ടില്ലേ?" എന്ന് പടിക്കല്‍ നിന്ന് വിളിച്ചു ചോദിച്ചിട്ടേ ആരും രാമന്‍ നായരുടെ വീട്ടിലേയ്ക്ക് കയറൂ എന്ന അവസ്ഥയും.

അങ്ങിനെ, രാമന്‍ നായരുടെ 'കൈസര്‍' നാട്ടിലെങ്ങും (കു)പ്രസിദ്ധനായി വാഴുന്ന കാലം!
കഥയോന്നുമറിയാത്ത ഒരു അകന്ന ബന്ധു ഒരിക്കല്‍ രാമന്‍ നായരെ കല്യാണം വിളിക്കണോ മറ്റോ വന്നു. പട്ടണത്തിൽ നിന്ന് എപ്പോഴോ സ്റ്റിക്കർവർക്കു ചെയ്യിച്ചു കൊണ്ട് വന്നു പുഷ്പന്റെ വർക് ഷോപ്പിൽ പണിയിച്ച ബോർഡിലെ "നായയുണ്ട് സൂക്ഷിക്കുക" എന്നോ അത് തിരുത്തി  'നായരുണ്ട് സൂഷിക്കുക' എന്ന് വികൃതികൾ പണി കൊടുത്തതോ വായിക്കാനുള്ള വിദ്യാഭാസം സാക്ഷരതാക്ലാസിൽ പോയിട്ടും കൈ വരാതിരുന്ന ആ അതിഥി അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടു കാലു വച്ചു. പൂഴിമണ്ണില്‍ ഒരു ബെഡ് സെറ്റ് ചെയ്തു, വാലിലെ ചെള്ളുകളെ തെരഞ്ഞു പിടിച്ചുകൊണ്ടിരുന്ന കൈസര്‍ തലപൊക്കി നോക്കിയപ്പോള്‍ തമിള്‍ സിനിമയിലെ ഹാസ്യ നടന്മാരെപ്പോലെ ഒരാള്‍ കൂസലില്ലാതെ കയറി വരുന്നു.
കൈസര്‍ ഒന്ന് മുരണ്ടു..

വടിവേലു സ്റ്റൈലില്‍ ആഗതന്‍ ഒന്ന് നിന്ന്..വീണ്ടും മുന്നോട്ടു ചുവടു വച്ചു.
കൈസര്‍ എണീറ്റ്‌ പൊടിയൊന്നു കുടഞ്ഞു, മുരളലിനെ കുരയാക്കി മാറ്റി.

വടിവേലു 'പോടാ പട്ടി' എന്ന് ഈച്ച റോളില്‍ പറഞ്ഞുകൊണ്ട് മുന്നോട്ടു തന്നെ!

അഭിമാനക്ഷതത്താല്‍ അയാളെ കടിച്ചു കുടയാന്‍ മുന്നോട്ടു കുതിച്ച കൈസര്‍ സെക്കണ്ടുകള്‍ക്കിടയില്‍ അതിഥി ഒരു ട്രാൻസ്ഫോർമേഴ്‌സ് സ്റ്റൈലിൽ ഒരു ശിലായുഗ ജീവിയായി രൂപമാറ്റം ചെയ്യുകയും  താഴെനിന്നെടുത്ത ഓടിന്റെ ചീള് ഉന്നം പിടിക്കുകയും ചെയ്ത കാഴ്ച കണ്ടു ബ്രേക്ക് ഇട്ട പോലെ നില്‍ക്കുകയും അവന്റെ അച്ഛന്‍ (സോറി, ആളെ ഉറപ്പാക്കിയിട്ടില്ല, DNA ടെസ്റ്റ്‌ നടക്കുന്നുണ്ട്! ) ചെയ്യുന്ന പോലെതന്നെ, കാലുകള്‍ക്കിടയില്‍ തിരുകിയ വാലുമായി വീടിനു പുറകിലോട്ടു അപ്രത്യക്ഷനാവുകയും ചെയ്തു.

ഏതോ സീരിയലിന്റെ ഉച്ച സമയത്തെ പുനഃസംപ്രേഷണ രോദനത്തിന് പിന്നാലെ കോളിംഗ് ബെല്‍ കേട്ടാണ് രാമന്‍ നായര്‍ വാതില്‍ തുറന്നത്.

'ഹേ .. ഇതാര വന്നേക്കണേ.. '
എന്ന കുശലത്തിനു പിന്നാലെ ആശ്ചര്യം ആവോളം മേമ്പൊടി ചേര്‍ത്ത്, വന്നയാളുടെ പിറകിലേയ്ക്ക് നോട്ടം അയച്ചുകൊണ്ട് അടുത്ത ചോദ്യം..

'കുര ഒന്നും കേട്ടില്ലല്ലോ, കടി കിട്ടാതെ എങ്ങിനെ ഇവിടം വരെയെത്തി? കൈസറവടെ ഉണ്ടായിരുന്നില്ലേ?'

'കൈസറോ? ആ പട്ടിയാ? ഞാനൊരു കല്ലെടുതപ്പോ അത് വീടിന്റെ ബാക്കിലെയ്ക്ക് പോയീണ്ട്."

രാമന്‍ നായര്‍ ആകെ വിളറി, ചമ്മി, നാറി.. ക്രിക്കറ്റ്‌ ഭാഷയില്‍ പറഞ്ഞാല്‍ നാല് ബോള്‍ അടുപ്പിച്ചു ബീറ്റെന്‍ ആയി ....
പക്ഷെ, ഒരു നിമിഷംകൊണ്ട് മനസ്സാനിധ്യം വീണ്ടെടുത്ത്‌ സ്റ്റെപ് ഔട്ട്‌ ചെയ്തു ആഞ്ഞടിച്ചു..

"ഹ ഹ ..മ്മടെ കൈസറോ? ഓടീന്നാ?
നല്ല കഥയായ്..
കടി കിട്ടണ്ടെങ്കില്‍ വേഗം അകത്തേയ്ക്ക് കയറിക്കോ.
നിനക്കൊന്നും അവന്റെ സ്വഭാവമറിയില്ല,.
ഓടി വന്നു കടിക്കാന്‍ അവന്‍ വീടിനു പുറകിലേയ്ക്ക് ആച്ചിലെടുക്കാന്‍ പോയതാ!!"

സിക്സര്‍..

അതിഥി ധിം!


അനുബന്ധം:
മറ്റൊരിക്കല്‍ നാലാളുടെ മുന്‍പില്‍ വച്ച് കൈസറിന്റെ അനുസരണശീലം കാണിക്കാന്‍ രാമന്‍ നായര്‍
"ഇവിടെ വാടാ കൈസറെ " എന്ന് പറഞ്ഞു..
കേള്‍ക്കേണ്ട താമസം കൈസര്‍ ഒപോസിറ്റ് ദിശയിലേയ്ക്ക് ഒറ്റ പോക്ക്!
"എന്നാ പിന്നെ പോയിട്ട് വാ" എന്നായി നായര്‍!

ഊമ്ബിതീറ്റ

"അത് കൊണ്ടാണ് കര്‍ത്താവ്‌ പറഞ്ഞത് - ആകാശത്തിലെ പറവകളെ നോക്കുവിന്‍ .. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല.." അച്ചന്‍ പ്രസംഗം തകര്‍ത്തുകൊണ്ടിരുന്നു..
ലോനക്കുട്ടിചേട്ടന്‍ അസ്വസ്ഥനായി മനസ്സിലെന്തോ പിറുപിറുത്തുകൊണ്ട് ഇളകിയിരുന്നു.
എല്ല് മുറിയെ പണിയുക, പല്ല് മുറിയെ തിന്നുക എന്നതു ശീലമാക്കിയ അങ്ങേര്‍ക്കു അച്ചന്‍റെ വാക്കുകള്‍ അത്രയ്ക്ക് ദഹിച്ചില്ല.
" വയലിലെ ലില്ലികളെ നോക്കുക.. അവ വിതക്കുന്നില്ല, കൊയ്യുന്നില്ല, എന്നിട്ടും ദയാപരനായ കര്‍ത്താവ്‌ അവയെ തീറ്റിപ്പോറ്റുന്നു."
ലോനക്കുട്ടിചെട്ടനു സഹി കെട്ടു.. പുറത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അലത്താരയിലെയ്ക്ക് നോക്കി ഇങ്ങനെ പറഞ്ഞു..
"ഇതിനാണച്ചോ ഒരുമാതിരി ഊമ്ബിതീറ്റ എന്ന് പറയുന്നത്"

ഓര്‍മ്മകള്‍

സ്കൂള്‍ തുറന്നു..
പെരുമഴയുടെ ഇരമ്ബലിനോപ്പം പിള്ളേരുടെ കലപില.. നല്ല രസം!

ചേമ്പിലയില്‍ വീണു ചിതറുന്ന വെള്ളത്തുള്ളികളും ഈര്ക്കിളിക്കുരുക്കുകളിലെയ്ക്ക് തല നീട്ടുന്ന കുഞ്ഞു തവളകളും ഓര്‍മ്മയിലെത്തുന്നു.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പടക്കം പൊട്ടിച്ചും, പുല്ലിന്മേല്‍ ചവിട്ടി കളിച്ചും, നീരോലിയിലയുടെ പുറകില്‍ കശുവണ്ടിയുടെ പശ തേച്ചു സ്പീഡ് ബോട്ട് ഉണ്ടാക്കിയുമുള്ള സ്കൂള്‍ യാത്രകള്‍.. കാരപ്പഴത്ത്തിന്റെ, ചെമ്മീന്‍ പുളിയുടെ, നാട്ടുമാങ്ങകളുടെ..രുചി,
പഴയ ചെരുപ്പ് മുറിച്ചുണ്ടാക്കുന്ന ടയറുകള്‍ മോടി പിടിപ്പിക്കുന്ന കളിവണ്ടികള്‍..
പ്ലാവിലതോപ്പി വച്ച രാജാവും , കളിവീട്ടിലെ അമ്മയും അച്ഛനും.. ഓലപ്പന്ത്‌ മുതല്‍ നീരോലിക്കുരു വരെ ഉപയോഗിച്ചുള്ള എറിഞ്ഞു കളി, കോട്ട, കള്ളനും പോലീസും, കിളിമാസ്, കുട്ടിയും കോലും...
ആകാശം കാണാതെ പറിച്ചെടുത്ത ആലിലകള്‍ ടീച്ചര്‍മാരുടെ ചൂരലില്‍നിന്നു തരുന്ന സംരക്ഷണം..
മയില്‍ പീലികളുടെ പ്രസവമുറിയായി മാറുന്ന പുസ്തകങ്ങള്‍..അവയ്ക്ക് പഴയ സിമന്റ്‌ കവര്‍ കൊണ്ടിടുന്ന ചട്ട, സിനിമ പോസ്റ്റര്‍ കൊണ്ട് ചട്ടയിടുന്നവരോടുള്ള അസൂയ..
അലുമിനിയം പെട്ടിയും എലാസ്ടിക്കും ...
ഹാ.. ഓര്‍മ്മകള്‍ ഓടിയെത്തുന്നു.

കുളംചാടികളും മാനത്തുകണ്ണികളും




കുളംചാടികളും മാനത്തുകണ്ണികളും

ക്ലെട്ജ്

'നിഘണ്ടുവിലില്ലാത്ത തരം തെറികള്‍ ' എന്ന പ്രയോഗമാണ് ഈ ഒരു ഉദ്യമത്തിന് എന്നെ പ്രേരിപ്പിച്ചത്! കാലാകാലങ്ങളായി മലയാളികളായ എല്ലാരും സാര്‍വത്രികമായി ഉപയോഗിച്ചു വരികയും "തമിഴ്നാട്ടില്‍ ഇതിന് വെറും രോമമെന്നു മാത്രമെ അര്‍ത്ഥമുള്ളൂ" എന്ന് വീമ്പടിക്കുകയും ചെയ്യുന്ന വാക്കും നിഘണ്ടുവില്‍ കയറിയപ്പോള്‍ എന്റെ ക്ഷമ കെട്ടു. impossible എന്ന വാക്ക് എന്റെ നിഘണ്ടുവിലില്ല എന്ന് പറഞ്ഞ മഹാനോട് "എന്ത് സാധനവും നോക്കി വാങ്ങിച്ചില്ലെങ്കില്‍ ഇതിലപ്പുറവും സംഭവിക്കുമെന്ന്" പറയാന്‍ എന്റെ അഹന്ത അനുവദിക്കുന്നുമില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് എട്ടാം തരവും ഡ്രില്ലും ലോകകാര്യങ്ങളില്‍ വിജ്ഞാനത്തിന്റെ വിളനിലവുമായ ഒരു സുഹൃത്തില്‍നിന്നു ഒന്നാംതരമൊരു വാക്കു കിട്ടിയത് - ക്ലെട്ജ്.

ക്ലെട്ജ് ഒരു ഇംഗ്ലീഷ് വാക്കാകുന്നു! കണ്ടുപിടുതതിനുള്ള നോബല്‍ സമ്മാനം കേരളത്തിലേയ്ക്ക് കൊണ്ടു വരാവുന്ന ഒരു വാക്ക്‌. സമയാസമയങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ചുള്ള അര്‍ത്ഥം സ്വയം സ്വീകരിക്കാം എന്നതാണ് ഈ വാക്കിന്റെ പ്രത്യേകത. ഒരേ വാചകത്തില്‍ തന്നെ പല സ്ഥലങ്ങളിലോ ഒരുമിച്ചോ ക്ലെട്ജ് ഉപയോഗിക്കാം!

ക്ലെട്ജ് ന്റെ ചില ഉപയോഗങ്ങള്‍ നോക്കാം.
ഹലോ, എന്തൊക്കെയാ ക്ലെട്ജ് കള്‍ ? (വിശേഷങ്ങള്‍)

എടാ, നിന്റെ പഴയ ക്ലെട്ജ് (ലൈന്‍) മറ്റൊരുത്തനുമായി ക്ലെട്ജ് (ലോഹ്യം) ആയെന്നു കേട്ടല്ലോ..

ശോ.. ഈ മനുഷ്യന്റെ ക്ലെട്ജ് എന്ന് നിരുത്തുന്നോ,
അന്ന് ഈ ക്ലെട്ജ് ഗുണം പിടിക്കും. (കുടി, വീട്)

ക്ലെട്ജ് ആയില്ലല്ലോ, നിന്റെ ക്ലെട്ജ് ല് ക്ലെട്ജ് വല്ലതും ഉണ്ടോന്നു നോക്കിയെ.
(കിക്ക്, പോക്കറ്റില്‍, കാശ് )

എങ്ങിനെയുണ്ട്?

ക്ലെട്ജ് ന്റെ ക്ലെട്ജ് ല് ക്ലെട്ജ് കൊണ്ടു ക്ലെട്ജ് ല്ലേ..!!