Wednesday, July 27, 2011

സര്‍ട്ടിഫിക്കറ്റു

ലോണ്‍ എടുക്കാന്‍ ഓടിയോടി രാവുണ്ണിയേട്ടന്റെ പണ്ടം കലങ്ങി. ഇന്നെങ്കിലും കാശ് കിട്ടില്ല്യെങ്കില്‍ പണിയാവും.

ആദ്യം ആധാരം. അത് കൊണ്ട് ചെന്നപ്പോ മുന്നാധാരം. അച്ഛന്, മുത്തച്ഛന്‍ ഇഷ്ട്ടദാനം നല്‍കിയതാണെന്നു തെളിയിക്കാന്‍ വില്ലെജീന്നു സാക്ഷ്യപത്രം, പഞ്ചായത്ത് മെമ്പറുടെ റെക്കമെന്റ്റ്,നിലവില്‍ ലോണൊന്നുമില്ലെന്നു തെളിയിക്കാന്‍ നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ്. കരം അടച്ചതിന്റെ രസീത്...

കണ്ണീക്കണ്ടവന്റെയൊക്കെ കയ്യും കാലും പിടിച്ചും കാശ് കൊടുത്തും എല്ലാം ഒരു കണക്കിന് ഒപ്പിച്ചു  അവസാനം മാനേജര്‍ ദൈവത്തിന്റെ അടുത്ത് ഹാജരായി.

"സാറേ, എല്ലാം ഉണ്ട്.. ഒന്ന് വേഗം ശര്യാക്ക്യാ ഉപകാരം. പത്തൂസായി ഓട്ടം തൊടങ്ങീട്ടേ, അതാ"

തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക പരിശോധിക്കുന്ന പോലെ, തിരിച്ചും മറിച്ചും കൂലംകഷമായ ഒരു പരിശോധന.
ദൈവത്തിന്റെ പുരികത്തിന്റെ ചുളിവുകൾക്കനുസരിച്ചു രാവുന്ന്യേട്ടന്റെ മുഖത് നവരസങ്ങള്‍ വിരിഞ്ഞു. 
അവസാനം എല്ലാ പേപ്പറുകളും കൂടി മേശപ്പുറത്തേയ്ക്ക് എറിഞ്ഞിട്ടു ഇവനൊക്കെ എവടന്ന് വരുന്നു എന്ന റോളില്‍

"ഇതിലെവ്ട്യണ്ടോ? കുടിക്കെട സര്‍ട്ടിഫിക്കറ്റ്?"

അങ്ങന്യേം ഉണ്ടോ ഇനിയൊരു മാണം, ഇയാള്‍ ഇതിനു മുന്നോന്നും ഇങ്ങന്യൊരു സാധനതിനെപ്പറ്റി പറഞ്ഞട്ടില്ല്യല്ലോ എന്ന ചിന്തയില്‍ മുഴുകി, പത്ത് ദിവസം ഓടിയ നെട്ടോട്ടവും ഇനി ഓടേണ്ട ഓട്ടവും മനസ്സില്‍ കണ്ടു രാവുണ്ണിയേട്ടന്‍ ദൈവപ്രീതിക്കായി കരുണം, ശോകം തുടങ്ങി തന്നാലാവുന്ന രസങ്ങളൊക്കെ മുഖത്ത് വീണ്ടും വരുത്തി നോക്കി..

എവിടെ, ദൈവം സ്ഥിരമായുള്ള പുച്ഛത്തില്‍ തന്നെ.

തരിച്ചു കയറിയ ദേഷ്യം അടക്കി, ശബ്ദം താഴ്ത്തി, വിനീതനായി, രാവുണ്ണിയേട്ടന്‍ ചോദിച്ചു..

"സാറെ, അതിനി എപ്പളാ ശരിയായിക്കിട്ടാന്നറിയില്ല്യ.. 
തല്‍ക്കാലം ഒന്ന് ചെറുതായിട്ട് അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റ്വോ?
വാസൂന്റെ കള്ളുഷാപ്പിലെ 'കടം കുടി' സര്‍ട്ടിഫിക്കറ്റു കൊണ്ട് തരട്ടെ? 
അതാവുമ്പോ പറ്റുപടി ഉള്ളതാ. വേഗം കിട്ടേം ചെയ്യും." 

Monday, July 25, 2011

അജ്ഞാതന്റെ ചിരികുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്.. 
അമ്യുസ്മെന്റ്റ് പാര്‍ക്കുകളും ബിവരെജുകളും ഇത്രയും സജീവമല്ലാതിരുന്ന അഥവാ ഇല്ലാതിരുന്ന കാലത്ത്.. ഞങ്ങളുടെ പ്രധാന വിനോദയാത്ര അതിരപ്പിള്ളിയിലെയ്ക്കായിരുന്നു.
ചിലപ്പോള്‍ ബസില്‍.. മറ്റു ചിലപ്പോള്‍ ലൈസന്‍സും ആര്‍ സി ബുക്കും തപ്പാന്‍ നില്‍ക്കുന്ന പോലീസിനെ കണ്ണ് വെട്ടിച്ചു ബൈക്കില്‍.

എങ്ങിനെയായാലും വീട്ടില്‍ അറിയാതെയാണ് മുങ്ങല്‍.
കള്ളും നാടനും നാടന്‍ രുചിഭേദങ്ങളും രസം പിടിപ്പിച്ചിരുന്ന ആ യാത്രകളുടെ അവസാനം പാറയില്‍ വഴുതിവീണ് തൊലി പോയും ബൈക്ക് തെന്നി പരിക്ക് പറ്റിയുമോക്കെയാണ് തിരിച്ചെത്തിയിരുന്നതെന്കിലും  അന്നത്തെ ഓരോ യാത്രയും ഓരോ ആഘോഷമായിരുന്നു.

അത്തരമൊരു യാത്രയില്‍, തുമ്പൂര്മുഴിക്കും അതിരപ്പിള്ളിക്കുമിടയില്‍ അധികമാരും ഇറങ്ങാത്ത ഒരു സ്ഥലം ഞങ്ങള്‍ കണ്ടെത്തി. റോഡിലൂടെ ഇടയ്ക്ക് പോകുന്ന വണ്ടികളിലെ കാഴ്ച്ചക്കാരില്‍നിന്നു ബൈക്കുകള്‍ മറച്ചു വച്ച് ഞങ്ങള്‍ ആവേശപൂര്‍വ്വം താഴേയ്ക്കിറങ്ങി. റോഡില്‍നിന്നും ഇരുന്നൂറു മീറ്ററോളം താഴെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു സ്ഥലം. പുഴയുടെ വളവാണ്.
വിജനം.. വന്യം.. വശ്യം!

പാറക്കല്ലുകള്ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പതഞ്ഞൊഴുകുന്ന പുഴ. ചുറ്റും കാടിന്റെ പച്ചപ്പ്‌. ഒരു വശത്ത് പത്ത് മുപ്പതടി പൊക്കമുള്ള നല്ല കിടിലന്‍ ഒരു പാറക്കെട്ട്. ചുറ്റുമുള്ള കാട്ടില്‍നിന്നു ചീവീടിന്റെ ശബ്ദം മാത്രം. വേനല്ക്കാലമായതുകൊണ്ട് വെള്ളം കുറവ്, അരയ്ക്കൊപ്പം മാത്രം.  ഇത്തിരി ബോധമുണ്ടെങ്കില്‍ ഒലിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല!

കുപ്പികള്‍ തുറന്നു. അര്‍മ്മാദം തുടങ്ങി. ആറ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം വെള്ളത്തിലിറങ്ങി തിമിര്‍ത്തു മറിച്ചു. 

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് കൂട്ടത്തിലുള്ള ആരോ അത് കണ്ടത്..
നെടുങ്കന്‍ പാറക്കെട്ടിനു മുകളില്‍ ഞങ്ങളെ തന്നെ നോക്കി ഒരാള്‍!
കറുത്ത് തടിച്ചു, മേല് മുഴുവന്‍ രാമവും അരയില്‍ ചുവന്ന കൈലിയുമായി ഒരു താടിക്കാരന്‍.
ഒരു നിമിഷം.. അര്‍മ്മാദം നിന്നു. എല്ലാവരും സൈലന്റ് ആയി.
ഏതോ പ്രേതകഥയിലെ മന്ത്രവാദിയെ പോലെ പാറക്കെട്ടിനു മുകളില്‍ അയാള്‍ ചമ്രം പടഞ്ഞിരിക്കുകയായിരുന്നു.
ഏതോ ഒരു ഭീതി പെട്ടെന്ന് ഞങ്ങളെ പൊതിഞ്ഞു.
അടുത്ത നിമിഷം, സംഘം ചേരലിന്റെ ശക്തിയില്‍ ധൈര്യം വീണ്ടെടുത്ത്‌ ഞങ്ങള്‍ സാഹചര്യത്തിലെയ്ക്ക് തിരിച്ചെത്തി. 
" എന്താ ചേട്ടാ?" എന്ന ചോദ്യത്തിന് ചുമല് കുലുക്കി ഒന്നുമില്ല എന്ന ആംഗ്യം മാത്രം മറുപടി.

"ഇത് പണ്യാവോടാ?"
"ഏയ്‌.. മൈന്‍ഡ് ചെയ്യണ്ട."
"ലോക്കല്സിന്റെ കലിപ്പാവോ?"
"നമ്മള്‍ അതിനു വേണ്ടാത്തതൊന്നും കാണിക്കന്ല്ല്യല്ലോ."
അങ്ങിനെ ചോദ്യവും ഉത്തരവും സമാശ്വാസവും ഞങ്ങള്‍ തന്നെ നടത്തി.

വീണ്ടും അര്‍മ്മാദം തുടങ്ങി. ഇടയ്ക്ക് ഒരുള്‍വിളി വരുമ്പോള്‍ ഓരോരുത്തരും ആ 'അന്യഗ്രഹ ജീവിയെ' തിരിഞ്ഞു നോക്കി. 
നിഗൂഡതയുടെ പര്യായം പോലെ നിസ്സങ്കോചം അയാള്‍ അവിടെത്തന്നെ ഇരിപ്പുണ്ട്! 

ഞങ്ങളെത്തന്നെ മറന്ന കുറച്ചു നേരത്തിനോടുവില്‍  കൂട്ടത്തിലോരുവന്‍ പാറക്കെട്ടിനു മുകളിലേയ്ക്ക് കൈ ചൂണ്ടി.
തിരിഞ്ഞു നോക്കിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.
പാറക്കെട്ടിനു ഏറ്റവും തുമ്പത്ത് ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി,വിരിച്ചു പിടിച്ച കയ്യുമായി താഴേയ്ക്ക് ചാടാനാഞ്ഞു അയാള്‍.
പേടിച്ചു വിറച്ച ഞങ്ങള്‍ താഴേയ്ക്ക് നോക്കി.
നേരെ താഴെയുള്ള കുഴിയില്‍ വന്നു വീണാല്‍ പോലും ചാവാതെ രക്ഷപ്പെടാനുള്ള വെള്ളം അതിലില്ല.

"ചേട്ടാ.. എന്തൂട്ടാ കാണിക്കണേ.. വേണ്ടാട്ടാ.." 
"ചാടല്ലേ.. താഴെ പാറയാ.. "
"പ്ലീസ്.. "
"ഡാ.. തെണ്ടീ, ഞങ്ങക്ക് പണിണ്ടാക്കല്ലെടാ.." 
"നാട്ടുകാരെ.. ഓടി വായോ..."

ഞങ്ങളുടെ വെപ്രാളം പിടിച്ച ശബ്ദഘോഷങ്ങള്‍ക്കു ചിറി കൊടിയ ഒരു ചിരി മറുപടിയായി നല്‍കി അയാള്‍ താഴോട്ടു പോന്നു!

ചിലര്‍ കണ്ണ് പൊത്തി..
എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതെ പകച്ചു നിന്ന ഞങ്ങള്‍ക്ക് കുറച്ചപ്പുറത്തുള്ള കുഴിയില്‍ വെട്ടിയിട്ട മരം പോലെ അയാള്‍ വീണു.
തെറിച്ചുയര്‍ന്ന വെള്ളത്തിന്‌ നടുവില്‍ അയാള്‍ താഴ്ന്നു.. പിന്നെ പൊന്തി. 
കഴുത്തൊപ്പം വെള്ളത്തില്‍ അയാള്‍ ഒന്ന് നിവര്‍ന്നു നിന്നു, എന്നിട്ട് കണ്ണ് മുകളിലേയ്ക്ക് മറിച്ചു വീണ്ടും താഴ്ന്നു. പിന്നെ, പതഞ്ഞൊഴുകുന്ന വെള്ളത്തിനൊപ്പം ആ ശരീരം പാറകളില്‍ തട്ടി ഒഴുകാന്‍ തുടങ്ങി.
പത്തടി അപ്പുറത്ത് കൂടെ ആ ശരീരം പാറകളില്‍ തട്ടിയും മുട്ടിയും നീങ്ങുന്നത്‌ മന്ദബുദ്ധികളേപ്പോലെ ഞങ്ങള്‍ നോക്കി നിന്നു. 
ഒഴുകുന്നതിനിടയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ കണ്ണ് തുറന്നു. തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി. എന്നിട്ട് വീണ്ടും പാറകളില്‍ തട്ടിയും മുട്ടിയും ഒഴുകി നീങ്ങി.

"ഡാ.. സ്കൂട്ടാവ് വേഗം.. ഇത്  പണി കിട്ടാന്‍ പോണ കേസാ" രാജു പറഞ്ഞു. 
ഞങ്ങള്‍ കിട്ടിയതൊക്കെ പെറുക്കി റോഡിലെയ്ക്കൊടി.
ഓട്ടത്തിനിടയില്‍ വീട്ടിലറിയാതെയുള്ള ഊരുചുറ്റലിന്റെ ഭവിഷ്യത്തുകള്‍, ആരെങ്കിലും 'ദിവന്മാര് അയാളെ തല്ലിക്കൊന്നു' എന്നെങ്ങാനും പറഞ്ഞാല്‍ ഉണ്ടാവുന്ന പുലിവാലുകള്‍, പോലീസ് അന്വേഷണം... എല്ലാം തലയിലൂടെ കൊള്ളിയാന്‍ മിന്നുന്നത് പോലെ കടന്നു പോയി.

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നശിപ്പിക്കാന്‍ ധൈര്യം സംഭരിച്ചു അനീഷ്‌ തിരിച്ചു വന്നു.
കുപ്പിയുടെ കാര്‍ക്കുകളടക്കം പെറുക്കിയെടുത്തു അവന്‍ ഞങ്ങളോട് ചേര്‍ന്നു. 

രണ്ടു നിമിഷത്തിനകം ഞങ്ങള്‍ റോഡിലെത്തി.

ഡ്രസ്സ്‌ ഒക്കെ വാരി വലിച്ചിട്ടു വണ്ടിയെടുക്കുമ്പോള്‍, വണ്ടി ആരും കാണാത്തിടത് ഒതുക്കി വച്ചതില്‍ ഞങ്ങള്‍ സമാധാനിച്ചു. 
പെട്ടെന്ന്, ഞാന്‍ കണ്ടു.. ഞങ്ങലെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട്‌ ഒരു കയ്യില്‍ ഒരരിവാളുമായ് ഒരു മധ്യവസ്കന്‍..

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയ ജോണിയെ ഞാന്‍ തോണ്ടി വിളിച്ചു ..
"ഡാ.. പെട്ടു, അയാള്‍ മ്മളെ കണ്ടു."

എല്ലാവരും കാറ്റ് പോയ ബലൂണ്‍ പോലെയായി.

"അയാള്‍ക്കിട്ടോരെണ്ണം കൊടുത്തു വിട്ടു പോയാലോ?" എന്ന റാഫിയുടെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം അയാളുടെ അരിവാളിന്റെ മൂര്‍ച്ച കണ്ടു ഒടുങ്ങി.
പോലീസിനു മുന്നില്‍ കീഴടങ്ങാന്‍  പോകുന്ന തീവ്രവാദിയെപ്പോലെ, ഞാന്‍ അയാള്‍ക്കടുത്തു ചെന്നു. പകുതി കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു.
"ചേട്ടാ.. ഞങ്ങള് കുളിക്കുമ്പോ ഒരാള്‍ ആ പാറയുടെ മോളീന്ന് താഴേക്കു ചാടി. ചത്തുന്നാ തോന്നണെ"
"ഞാന്‍ ആ വളവിന്റെ അപ്രത് പുല്ലരിയാര്‍ന്നു. നിങ്ങടെ വിളി കേട്ട് വന്നതാ.. ആരാ ആള്? നിങ്ങടെ കൂട്ടത്തിലുളളതാണോ?
"അല്ല ചേട്ടാ.. ഒരു കറുത്ത് തടിച്ചു താടിയൊക്കെ ഉള്ള ആളാ.."
"അതിപ്പോ നമ്മടെ സോമനാവോ?" 

ഇതിനിടയില്‍ "എന്താ രാഘവേട്ടാ പ്രശ്നം?" എന്നും ചോദിച്ചു, അവിടെന്നും ഇവിടെന്നുമോക്കെയായി രണ്ടുമൂന്നു നാട്ടുകാര്‍ അവിടെയെത്തി.
"ഈ ചുള്ളമ്മാര് കുളിക്കണേന്ടവ്ടെ ഒരു ഗെഡി താഴേക്കു ചാടീന്നു പറയണൂ. അടയാളം കേട്ടട്ട്‌ മ്മടെ സോമനാണോന്നു സംശയം."
" ആവും ട്ടാ, അവന്‍ ഇന്ന് ചോന്ന മുണ്ടന്ന്യ ഉടുത്തേർന്നത്.." 

നാട്ടുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..
"നിങ്ങള് കൂളാവടാപ്പാ.." ഒരാള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. 
"ഈ സോമന്‍ ന്നു പറയണ ഡാവിന് മെന്റലാ..
 ന്നാലും ചാടാറോന്നുല്ല്യല്ലോ.. ഡാ.. നിങ്ങള് അയാളെ പിടിച്ചു കിഴിയിട്ടാ? "
ഞങ്ങള്‍ പേടിച്ച ആ ചോദ്യം വന്നു കഴിഞ്ഞു. എല്ലാവരും പരസ്പരം നോക്കി. 
'വിനോദയാത്രക്കെത്തിയവര്‍ നാട്ടുകാരനെ മര്‍ദ്ദിച്ചു കൊന്നു' എന്നൊരു തലേക്കെട്ടുമായി പിറ്റേന്നത്തെ പത്രം ഇറങ്ങുന്നത് ഞങ്ങള്‍ മനസ്സില്‍ കണ്ടു.
ആശയറ്റു ദൈന്യരായി  "ഇല്ല. സത്യമായിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല..  ആയിരം പ്രാവശ്യം ചാടല്ലേ .. ചാടല്ലേ..ന്ന് പറഞ്ഞതാ.." ഞങ്ങള്‍  പറഞ്ഞു.
"ഗെഡികളൊരു കാര്യം ചെയ്യ്. തെറിക്കാന്‍ നോക്കണ്ട. മ്മക്കൊന്നു നോക്കാം. വാ.. " ഒരു നാട്ടുകാരന്‍ പറഞ്ഞു..

ഞങ്ങള്‍ കയറി വന്ന വഴിയിലേയ്ക്കു അയാള്‍ ഇറങ്ങി. പേടിച്ചു വിറച്ചു ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. ഞങ്ങള്‍ക്ക് പുറകിലായി മറ്റു നാട്ടുകാരും.

അജ്ഞാതന്‍ വീണ സ്ഥലവും ഒഴുകി പോയ വഴിയും ഞങ്ങള്‍ അവരെ കാണിച്ചു കൊടുത്തു.

"ഡാ.. ചാലക്കുടിപ്പോഴേല് കുരുത്തി വയ്ക്കേണ്ടി വരോ? ശവം കിട്ടാന്‍" തുടങ്ങിയ സംഭാഷണങ്ങള്‍ ഞങ്ങളുടെ ടെന്ഷനെ കൂട്ടിക്കൊണ്ടിരുന്നു. 
ഞങ്ങള്‍ക്ക് പത്തിരുപതടി മുന്നിലായി പുഴയുടെ വളവും കഴിഞ്ഞു മുന്നോട്ടു പോയ ചേട്ടന്‍ അപ്പുറതെന്തോ കണ്ടപോലെ പെട്ടെന്ന് നിന്നു.
തിരിഞ്ഞു, ഞങ്ങളോട് നില്ക്കാന്‍ ആംഗ്യം കാട്ടി. എല്ലാവരും നിശബ്ദരായി.
ആകാംക്ഷയുടെ പാരമ്യത്തില്‍ നിന്ന എല്ലാവരും പതിയെ അയാളെ സമീപിച്ചു.

അപ്പോള്‍, 
വളവിനപ്പുറത്തെ പാറപ്പുറത്ത് ചുവന്ന ലുങ്കി പിഴിഞ്ഞ്,  തല തോര്ത്തിക്കൊണ്ട് അയാള്‍! 

അന്തം വിട്ടു വായും പോളിച്ചുനിന്ന ഞങ്ങളെ നോക്കി ആ മനുഷ്യന്‍ ചിറി വശത്തേയ്ക്ക് കൊട്ടി ഒരു ചിരി!
പാറക്കെട്ടിനു മുകളില്‍നിന്നും താഴേയ്ക്ക് പോരുമ്പോള്‍ ഉണ്ടായിരുന്ന അതെ ചിരി!

Tuesday, July 19, 2011

മാറ്റി വച്ച കുപ്പികള്‍

പണ്ട്.. മിക്കവാറും ഞായരഴ്ച്ചകളില്‍ .. 
രാവിലത്തെ കഞ്ഞികുടി മുതലായ കലാപരിപാടികള്‍ കഴിഞ്ഞാല്‍ ആര്‍ക്കൊക്കെയാ ഒഴിവെന്നു നോക്കി, വീടുകളില്‍ നിന്ന് പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ചു സംഖം ചേര്‍ന്നു, രണ്ടോ മൂന്നോ ആള്‍ക്കാര്‍ ആയാല്‍ യാത്ര തുടങ്ങും. പാടത്തിനടുത്ത്, ചുറ്റും അധികം ആള്‍താമസം ഇല്ലാത്ത ഒരു ചെറിയ ഓലപ്പുരയാണ് ലക്‌ഷ്യം.
അതാണ്‌ ഞങ്ങടെ സ്വന്തം ഷാപ്പ്‌.. ന്വേച്ചാ വാസ്വേട്ടന്റെ കള്ള്  ഷാപ്പ്! 

വാസ്വേട്ടന്റെ വെല്‍ക്കം ഏറ്റു വാങ്ങി നമ്ര ശിരസ്കരായി (അല്ലെങ്കില്‍ ഉത്തരമായി വെലങ്ങനെ വെച്ചേക്കണ മുള തലേല് തട്ടും ) അകത്തു ചെന്നിട്ടു നാലും ചുറ്റും ഒന്ന് പരതിനോക്കും. മറ്റു സ്ഥലങ്ങളിലെ പോലെ, കാര്ന്നമ്മാര് ഇരിക്കനുണ്ടോ എന്നുള്ള പെടികൊണ്ടോന്നുമല്ല. നമ്മുടെ സ്വന്തം വീട് പോലെ കരുതുന്ന ഈ സ്ഥലത്ത് അടുക്കും ചിട്ടയായും വെച്ചിട്ടുള്ള സാധനങ്ങള്‍ ഏതെങ്കിലും കൂതറകള്‍ വലിച്ചു വാരിയിട്ടിട്ടുണ്ടോ, സ്ഥലം ക്ലീന്‍ ആണോ എന്നൊക്കെയാണ് നോട്ടം. കള്ളും കുപ്പികള്‍ മുതല്‍ ചട്ടീലിരിക്കണ മീന്‍ കൂട്ടാന്‍ വരെ നോട്ടം നീളും.. അതിനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ഉണ്ടെന്നാണ് എല്ലാവരുടേം ഭാവം...മ്മടെ ഷാപ്പല്ലേ!

"എന്തൂട്ടാ വാസ്വേട്ടാ ഇത്, ബടെ ഒന്ന് വൃത്ത്യാക്കിക്കൂടെ" ന്നൊക്കെ പറയേം പറ്റിയാല്‍ ആളും തരവും നോക്കി ചൂലെടുത്ത് ക്ലീന്‍ ചെയ്യേം ഒക്കെ ചെയ്തെന്നു വരും. 

അങ്ങിനെ, ഒരു ഞായറാഴ്ച ഷാപ്പിലെത്തി, സ്വീകരണം ഏറ്റുവാങ്ങി, തലകുനിച്ചു അകത്തു പ്രവേശിച്ചു.
എന്നിട്ട് , ഗമയില്‍ ഇരിപ്പുരപ്പിച്ചു കോമന്‍ വെല്‍ത് രാഷ്ട്രങ്ങളുടെ ഉച്ചകോടി ആരംഭിച്ചു.

"വാസ്വേട്ടാ.. രണ്ടെണ്ണം ആദ്യം പോരട്ടെ.. അത് നോക്കീട്ടു ബാക്കി പിന്നെ പറയാം. ഒരു മാതിരി -- സാധനം തരരുത് ട്ടാ.."
വാസ്വേട്ടന്‍ ഒരു നിമിഷം ധ്യാനിക്കും തലയൊന്നു വെട്ടിച്ചു .. വിശ്വനാഥന്‍ ആനന്ദ്‌നെപ്പോലെ അപാരമായ ചിന്തയില്‍ മുഴുകി.
"ഇപ്പൊ സമയെത്ര്യായ്?"
"പതിനൊന്നു"
"സൂക്ഷം പറയെടാ പിള്ളേരെ.."
"പതിനൊന്നേ പത്ത്"
"അത് ശരി, പിന്നെന്തിനാ ഞാന്‍ ടെന്ഷനടിക്കണേ?" 
എന്ന് പറഞ്ഞു വാസ്വേട്ടന്‍ അകത്തേയ്ക്ക് പോയി.. നിരത്തിവച്ചിരിക്കുന്ന കുപ്പികളില്‍നിന്നു പ്രത്യേകമായി രണ്ടെണ്ണം സസൂക്ഷ്മം തെരഞ്ഞെടുത്തു ഞങ്ങളുടെ മുന്നില്‍ അത്യപൂര്‍വ്വമായ വസ്തുവിനെപ്പോലെ, ഭയഭക്തി ബഹുമാനങ്ങളോടെ സ്ഥാപിച്ചു.

"പത്തെ മുക്കാലിന് വരാന്നു പറഞ്ഞതാ മാപ്ല! .. ഹ.. മനസ്സിലായില്ല്യെ? മ്മടെ വറീതുമാപ്ലേ .. ഇനി അയാള്‍ക്ക്‌ എന്‍റെ പട്ടി എടുത്തു മാറ്റി വെയ്ക്കും. നിങ്ങള് പൂശട പിള്ളേരെ, അയാള്‍ പോയി പണി നോക്കട്ടെ..
പിന്നെ, മൂന്നെണ്ണം കൂടിണ്ട് സ്പെഷ്യല്‍"

അത് രണ്ടും പിന്നെ മാറ്റി വച്ച മൂന്നു സ്പെഷ്യലും അടിച്ചു ആമോദചിത്തരായി ഞങ്ങള്‍ മറ്റു പരിപാടികളിലെയ്ക്ക് നീങ്ങി.
"സാധനം കൊള്ളാട്ടാ.. പെടച്ചു"ന്നു പറഞ്ഞു പിരിഞ്ഞ ഞങ്ങള്‍ വൈകീട്ട് സര്‍വ്വത്ര കൊത്രക്കൊള്ളികളും ഒത്തു ചേര്‍ന്നപ്പോ രാവിലത്തെ 'സ്പെഷ്യല്‍ ' സാധനത്തിന്റെ വിശേഷം വെളമ്പി.
അപ്പോളാണ് വേറൊരു ടീമിന്റെ ചോദ്യം 

"നിങ്ങലെപ്പോളാടപ്പാ കാലത്ത് ഷാപ്പീ പോയത്?" 
"പതിനോന്നിന്നു.. എന്ത്യേ?"
"ഞങ്ങള് പന്ത്രണ്ടരക്ക് ചെന്നപ്പോ വാസ്വേട്ടന്‍ പറഞ്ഞത്  ഈ ഡയലോഗ് തന്ന്യാല്ലോ. തെണ്ടി, മ്മളെ പറ്റിച്ചാ?  അടുത്താഴ്ച അയാളോട് രണ്ടു വര്‍ത്താനം പറഞ്ഞിട്ടെയുള്ളൂ.."

സമാധാന ദൂതന്മാരായ മൂന്നാം ടീം ഇടപെട്ടു 
"ഹ ഹ.. ഡാ.. അതയാള്‍ടെ സ്ഥിരം നമ്പരല്ലേ.. ന്നാലും മ്മടെ വാസ്വേട്ടന്‍ പൊടീ കലക്കി  തരോന്നില്ലല്ലോ"
എന്നൊക്കെ പറഞ്ഞതോടെ സംഭവം ചൂടാറി.

പിന്നീടു ഒരിക്കല്‍ ഷാപ്പില്‍ ഓര്ഡര്‍ കൊടുത്തത് ഇങ്ങിനെ..
"വറീത് മാപ്ലയ്ക്ക് മാറ്റി വച്ചത് വേണ്ടാട്ടാ, വാസ്വേട്ടാ.. വേറെ ആര്‍ക്കെങ്കിലും മാറ്റി വെക്കാത്തത് രണ്ടെണ്ണം പോരട്ടെ"

വാസ്വേട്ടന്‍ ചമ്മി നാറി ഇളിഭ്യനായി ക്രിക്കറ്റ്കളിയില്‍ ഡക്കടിച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്റെ പോലെ ആയീന്നാണ് ഞങ്ങള് കരുതീത്. പക്ഷേ, കൂള്‍ കൂളായി വാസ്വേട്ടന്‍ ആള്‍ടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി വെളിവാക്കി.

"ഇങ്ങനെ ഒക്കെ പറയാണ്ട് തന്നാ.. തരണ എനിക്കും ഒരു ഗുംമുണ്ടാവില്ല കുടിക്കണ നിങ്ങക്കും ഒരു ഗുംമുണ്ടാവില്ല്യ.. യേത്?"

Monday, July 18, 2011

സാജന്റെ അവതാരങ്ങള്‍

സ്കൂളിലെ സാഹിത്യസമാജം മീറ്റിങ്ങോളില്   അഡാറ് പെട സാധങ്ങളാര്‍ന്നു, സാജന്റെ പാട്ടോള്!. 
ഞങ്ങടെ ക്ലാസില്  മാത്രല്ല, സ്കൂളില്‍ ആകെ മൊത്തം ഫാന്‍സ്‌ള്ള ഒരു കിടിലന്‍ പാട്ടുകാരനായിരുന്നു ദവന്‍! ഇത് കെള്‍ക്കുമ്പോ തോന്നും ചങ്ങായി  ഒരു കലാപ്രതിഭയാണെന്ന്.. അല്ല. ഒരു മത്സരത്തിലും സാജന് ഗപ്പ്  കിട്ടിയിട്ടില്ല. കാരണം  ഗെഡി  പാടണതെല്ലാം ഹിന്ദി പാട്ടോള്  മാത്രാ.. ദദിന് മത്സരില്ല്യാലോ! എന്നാലും യുവജനോത്സവത്തിനു മൈക്കിനു മുന്‍പില്‍ നിന്ന് "ലെലാമു ലെലാ.." തുടങ്ങിയ  പാട്ടൊക്കെ പാടി, സമ്മാനം കിട്ടീല്ലെങ്കിലും കയ്യടി മേടിച്ചിട്ടെ ചുള്ളന്‍ സ്കൂട്ടാവൂ..  വര്‍ത്താനം പറയുമ്പോ ചെറിയൊരു വിക്കും വായ തുറന്നാല്‍ വെള്ളീം വെളംമ്പണ മച്ചു എങ്ങിന്യാ ഹിന്ദി പാട്ട് പാടണേന്നു അന്ന് അന്തം വിട്ടണ്ട്. അവന്റെ അപ്പന്റെ ചായക്കട തുറക്കുമ്പോ ഓണാവേം  അടയ്ക്കുമ്പോ ഓഫാവെം ചെയ്യണ മർഫീടെ റേഡിയോ ആയിരുന്നു സാജന്റെ പാട്ടുകളുടെ എന്‍സൈക്ലോപീഡിയ. ട്യൂണ് മാത്രമേ ഉള്ളൂ, വാക്കുകളൊക്കെ അവനു തോന്നിയത്  പെടയ്ക്കാണെന്ന് പിന്ന്യാ മനസ്സിലായത്‌. എന്നാലും ജനപ്രിയ നായകന്‍ എന്നൊക്കെ പറേണ പോലെ, ജനപ്രിയ ഗായകന്‍ ആയി, ഞങ്ങളെ അസൂയാലുക്കലാക്കി ലവന്‍  വിരാജിച്ചു പോന്നു. 

എട്ടില് വച്ചു  ഒരുച്ചയ്ക്ക് ക്ലാസ്സിലിരുന്നു പാടുമ്പോ സാജന് അവന്റെ കരിയറിലെ ആദ്യത്തെ അത്യാഹിതം സംഭവിച്ചു. "യെ ദോസ്തീ .. ഹാം നഹീ ...." എന്ന പാട്ട് മൂന്നു വട്ടം പാട്യേനു ശേഷം ഒരു പുതിയ പാട്ട് പൂശാന്‍ പോവാന്നുള്ള ആമുഖത്തോടെ, "ഓ സാത്തീ രേ.. തെരെ ബിനാഭി ക്യാ ജീനാ.." എന്ന പാട്ട് പാടുകയും ഞങ്ങള്‍ ഡസ്ക്, ചോറുമ്പാത്രം തുടങ്ങിയ വാദ്യോപകരണങ്ങളാല്‍ അതിനെ കൊഴുപ്പിചോണ്ടിരിക്ക്യേം ചെയ്യുമ്പോള്‍ പെമ്പിള്ളെരുടെ ഭാഗത്തൂന്ന് ആദ്യമൊരു കുശുകുശുപ്പും പിന്നൊരു തേങ്ങലും അവസാനം ഒരു കരച്ചിലും ഉയര്‍ന്നു. കരഞ്ഞോണ്ട് ക്ലാസ്സീന്നു സ്റ്റാഫ്ഫ്രൂമിലെയ്ക്ക് പോയ പഠിപ്പിസ്റ്റും, ജാടക്കാരിയും സര്‍വ്വോപരി വല്സലട്ടീച്ചരുടെ മോളുമായ ജീന തിരികെ വന്നത് ഒരു സംഘം മാഷംമാര്ടെം ടീച്ചര്മാര്ടെം അകമ്പടിയോടെ ആണ്. 'എന്തൂട്ടാ ഇപ്പന്നെ ഇവടിണ്ടായെ'ന്നു അന്തം വിട്ടിരുന്ന ഞങ്ങള്‍ക്ക്  ഓരോന്ന് വീതവും ജീനയെ കളിയാക്കി പാട്ട് പാടിയതിന് സാജന് കൈ നിറയെ പോരാഞ്ഞു ചന്തീലും കിട്ടി! തീര്‍ന്നില്ല, ആ പിപ്പിരിമുടിക്കാരീടെ മുമ്പില് അവനു മാപ്പും പറയേണ്ടി വന്നു. ജീനേടെ കരച്ചിലും ഹിന്ദി പാട്ടിനെ കുറിച്ച് ഗുരുക്കന്മാരുടെ അവബോധവും  കാരണം അന്നത്തോടെ സാജന്‍ പാട്ട് നിര്‍ത്തി!

പിന്നെ, കുറച്ചു കൊല്ലങ്ങള്‍ക്ക് ശേഷം ഒരു കൊല്ലം പെരുന്നാളിന്, തരംഗിണി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബിന്റെ മുന്നിലെ ചെറിയ സ്റ്റേജില്‍ അഞ്ചാറാള്‍ക്ക് കേറാവുന്ന ബാഗീസും ബ്രൌണ്‍ ഡൈ ചെയ്ത മുടിയും കയ്യില്‍ ഗ്ലൌസും ഒക്കെയായി ബ്രേക്ക് ഡാന്‍സര്‍ സാജന്‍ പ്രത്യക്ഷപ്പെട്ടു. പത്തിരുപതു കൊല്ലം മുന്‍പ്, ടിവി എന്ന  ആധുനികതകത പോലും കുറവായിരുന്ന  ഞങ്ങളുടെ നാട്ടില്‍ സാജന്‍ വീണ്ടു ഹാള്‍ ഓഫ് ഫയിം ആയി. കാവടിയാട്ടമായാലും അമ്പുപെരുന്നാളായാലും ലവന്റെ ഡാന്‍സ് നിര്‍ബന്ധിത ഐറ്റം ആയി. പെര്‍ഫോര്‍മന്‍സ് കണ്ടു അവനു രണ്ടു മൂന്നു ലൈന്‍ വീണു. ഞങ്ങള്‍ വീണ്ടും അസൂയാലുക്കളായി. അയല്നാട്ടിലെ പൂരത്തിന് സുഹൃത്തുക്കളുടെ ക്ഷണപ്രകാരം പോയ സാജന്റെ ഷൈനിങ്ങില്‍  അസൂയ മൂത്ത അവിടത്തെ ഡാക്കള്‍ കലിപ്പെറക്കുകയും ടീംസ് ആയി മുട്ടുകയും അവസാനം സ്റ്റേ ഷനില്‍ കോപ്രമൈസിന് ചെന്നപ്പോ "ഇനി മേലാല്‍ നിന്നെ ഈ കോലത്തില് എവിടയെങ്കിലും കണ്ടാ.. --മോനെ, അന്ന് നിന്റെ അവസാനാ" എന്ന് എസ്സൈ പറയുകയും ചെയ്തതോടെ സാജന്‍ മുടി വെട്ടി, ബാഗിസ് പാന്റു മാറ്റി.. അങ്ങിനെ, രണ്ടാമംഗത്തിനും  തിരശീല വീണു.  

ഗെഡികള്‍ ഓരോരുത്തരായി കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങുകയും അതിന്റെ ഭാഗമായി പള്ളീം പട്ടക്കാരനും ഒക്കെയായി ഡീസന്റാനെന്നു വരുതിതീര്‍ക്കാന്‍  പെടാപ്പാട് പാടുകയും ചെയ്യുമ്പോളാണ് സാജന്റെ മൂന്നാം അവതാരം. പള്ളിയിലെ ചടങ്ങുകളിലെ അനൌന്‍സ്മെന്റ്, ബൈബിള്‍  വായന, കുരിശിന്റെ വഴി, ആരാധന തുടങ്ങി മൈക്ക് കിട്ടാന്‍ സാധ്യതയുള്ള എല്ലാ മേഖലകളും ക്രമേണ ചുള്ളന്‍ ആക്രമിച്ചു കീഴ്പ്പെടുത്തി. "മ്മടെ ജോസേട്ടന്റെ മോന്‍ സാജന്‍, അങ്ങനെ വേണം ചെറുപ്പക്കാരായാല്. ആ ഭക്തീം, വിനയോം കണ്ടാ.."എന്ന് കാര്ന്നമ്മാരെക്കൊണ്ടും "ഡാ തെണ്ടീ, ബാക്കിയുള്ളോനു പാര  പണിതു സുഖിക്ക്യാലെ " എന്ന് ഞങ്ങളെക്കൊണ്ടും അവന്‍ പറയിച്ചു. "ഡാ.. നീയിനി കുശിനി പണീം കൂടി തോടങ്ങീക്കോ, അപ്പൊ കെടപ്പും അവടന്ന്യാക്കാലോ.." തുടങ്ങിയ കമന്റുകളൊക്കെ   ഗെഡി മൈന്‍ഡ് ചെയ്തില്ല. ഞങ്ങള്‍ പതുക്കെ പിന്‍ വലിഞ്ഞു. അക്കൊല്ലം നൊയമ്പിനു ഞങ്ങള്‍ ചാറിനു മാത്രം നോയംബെടുത്തു ഇറച്ചി തിന്നുമ്പോ സാജന്‍ ശരിക്കും നൊയമ്പെടുത്തു പച്ചക്കറി മാത്രം കഴിച്ചു, താടീം മുടീം വളര്‍ത്തി, നടന്നു മലയാറ്റൂര്‍ക്ക് പോയി. വലിയ ആഴ്ചയിലെ തിരുകര്‍മ്മങ്ങളില്‍ ബാസ് നിറഞ്ഞ അവന്റെ ശബ്ദം മുഴങ്ങി. ഞങ്ങള്‍ മുഖത്തോട്‌ മുഖം നോക്കി 'കൊള്ളാട്ടാ'..ന്നു പറഞ്ഞു. ദു:ഖവേള്ളിയാഴ്ച്ച ഉച്ച തിരിഞ്ഞു കുരിശിന്റെ വഴിയില്‍ സാജന്റെ   ഘനഗംഭീരവും ദു:ഖം നിറഞ്ഞതുമായ ശബ്ദ വിസ്മയത്തില്‍ ആയിരങ്ങള്‍ 'നഗരികാണിക്കല്‍ ' എന്ന ചടങ്ങില്‍ നിരനിരയായി നീങ്ങി. 'യേശു ചുറ്റും നോക്കി.. തനിക്കൊശാന പാടിയവര്‍ ആരുമില്ല..' സാജന്‍ തകര്‍ക്കുന്നു. ഇടയില്‍ 'പരിക്ഷീണിതമായ ശരീരം, തലയില്‍ മുള്‍മുടി.....  രക്തമണിഞ്ഞ  കാല്‍പ്പാടുകള്‍'  എന്നതിന് പകരം 'രതനമണിഞ്ഞ' എന്നൊരു 'വെള്ളി' വീണോ എന്ന സംശയത്തില്‍ ഞങ്ങള്‍ പരസ്പരം നോക്കി നെറ്റി ചുളിച്ചു. വീണ്ടും ഒരു വെള്ളി കൂടി കിട്ടാന്‍ കാതു കൂര്‍പ്പിച്ചു. കുറച്ചു നേരത്തിനു ശേഷം പട്ടണത്തെ മുഴുവന്‍ ത്രസിപ്പിക്കുന്ന ശബ്ദത്തില്‍, അതി ഗംഭീരമായി..  ഞങ്ങള്‍ കാത്തിരുന്നത് വന്നു! "എഴാം സ്ഥലം..  ഭക്തയായ വെറോനിക്ക കര്‍ത്താവീശോമിശിഹായുടെ തുറമുഖം തുടയ്ക്കുന്നു.." തിരുമുഖം തുറമുഖം ആയതു ഏറ്റുവാങ്ങി, ദുഖവെള്ളിയാഴ്ചയിലെ ദുഃഖം അഭിനയിക്കുന്നത് മറന്നു സർവ്വരും ചിരി കടിച്ചമര്‍ത്തി. കുരിശിന്റെ വഴി തീര്‍ന്നു.. ഒപ്പം സാജന്റെ മൂന്നാം അവതാരവും!!

വര്ഷങ്ങള്ക്കു ശേഷം, കഴിഞ്ഞ ആഴ്ച, പാരന്റ്സ്‌ മീറ്റിങ്ങിനു ചെന്നപ്പോള്‍ വേദിയില്‍ നമ്മുടെ ഗെഡി! പി ടി എ പ്രസിഡന്റ്‌ സാജൻ !! ഈ നാലാം അവതാരത്തില്‍ എന്ത് കാണേണ്ടി വരുമോ ആവോ?!

Friday, July 15, 2011

ചന്ദ്രികേച്ചി

ഇന്നലെ ജോലി കഴിഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു
"ചന്ദ്രികേച്ചി മരിച്ചു.. നീയറിഞ്ഞോ?"
"മ്മടെ, തെക്കെല്‍ത്യോ?" 
"ആ.. വൈകീട്ട് തന്നെ പരിപാടി നടത്തി. മഴയല്ലേ, കാത്തു വെയ്ക്കാനായിട്ടു പിന്നെ അകലേന്നു ആരും വരാനില്ലല്ലോ."

മുന്‍പ് താമസിച്ചിരുന്ന വീടിന്റെ തെക്കേതിലെ വീട്ടിലായിരുന്നു ചന്ദ്രികേച്ചി കുടുംബസഹിതം താമസിച്ചിരുന്നത്.
എനിക്ക് വലിയമ്മേ എന്ന് വിളിക്കാന്‍ പ്രായമുണ്ടെങ്കിലും എന്‍റെ അമ്മ വിളിക്കുന്നതുപോലെ, ഞാനും 'ചന്ദ്രികെച്യേ...' എന്ന് തന്നെ വിളിച്ചു പോന്നു.
ചെറുപ്പത്തിലെ തന്നെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിട്ടും ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കാതെ വേനല്‍ക്കാലത്ത് ഓലമെടഞ്ഞു വിറ്റും രണ്ടു പൂവ് കൃഷി ചെയ്യുന്ന പാടത്ത്  ഞാറു നടല്‍ മുതല്‍ കൊയ്തും മെതിയും പൊലിയലവുമെല്ലാമായി പണം സ്വരൂപിച്ചും  മക്കളെ കഴിവ് പോലെ പഠിപ്പിച്ചു. പെണ്മക്കളെ മോശമല്ലാത്ത രീതിയില്‍ കെട്ടിച്ചയച്ചു... 

ഏതു വിഷമ ഘട്ടങ്ങളിലും  മനസ്സ് തുറന്നു പെരുമാറാനുള്ള കഴിവാണ് മറ്റുള്ളവരില്‍നിന്നും അവരെ മാറ്റി നിരുത്തിയിരുന്നത്.
എന്തിലും നന്മ കണ്ടെത്താനും കരച്ചില് വരുമ്പോള്‍ നെഞ്ഞത്തടിച്ചു കരയാനും, സന്തോഷം പൊട്ടിച്ചിരിച്ചു തന്നെ ആഘോഷിക്കാനും അവര്‍ക്കറിയാമായിരുന്നു.
പണിയെടുക്കുന്ന സമയത്ത് നല്ല ഈണത്തില്‍ നാടന്‍ പാട്ടുകള്‍ പാടിയിരുന്ന.. കപ്പ പുഴുങ്ങിയതും നല്ല ഒന്നാംതരം മുളക് ചമ്മന്തിയും ഉണ്ടാക്കിയിരുന്ന.. കാണുമ്പോളെല്ലാം കുശലം ചോദിച്ചിരുന്ന..
നിഷ്കളങ്കമായി സംസാരിച്ചു  പ്രസന്നതയുടെ പ്രഭാപൂരം ചുറ്റും പടര്‍ത്തിയിരുന്ന ചന്ദ്രികേച്ചി.

ഒരിക്കല്‍ ഞങ്ങള്‍ പിള്ളേര്‍ സെറ്റിനു ചേച്ചി ഒരു ഉപദേശം തന്നു..

"ഡാ മക്കളെ, നിങ്ങളീ സെക്കണ്ട് ഷോക്കൊന്നും പോയി രാത്രി തെണ്ടി തിരിഞ്ഞു റോഡിലൂടെ നടക്കണ്ടാട്ടാ..
വല്ല തമിഴന്മാരും പിടിച്ചു കൊണ്ടോയി കിഡ്നി എടുത്താലോ..
പകലായാലും സൂക്ഷിക്കണം..
 പെണ്ണുങ്ങള്‍ക്ക്‌ പിന്നെ ആ കാര്യത്തില്‍ മാത്രം പേടി വേണ്ട..."

"അതെന്താ ചന്ദ്രികെച്യെ..?"

"ഡാ.. പൊട്ടാ.. പെണ്ണുങ്ങള്‍ക്ക്‌  കിഡ്നി ഇല്ലല്ലോ.."
അതായിരുന്നു ചന്ദ്രികേച്ചി!!

'നീ ഈ ചിരിയൊന്നു നിരുത്തോ ' എന്ന് പ്രായമായ ആരെങ്കിലും ചോദിച്ചാല്‍,
'ഇനിക്ക് പറ്റില്ല്യ, ചാവുംപോളും  ഞാന്‍ ചിരിച്ചു തന്ന്യാ കിടക്കാ' എന്നാ ചന്ദ്രികേച്ചി പറയാറ്!
 
മരിച്ചു കിടക്കുന്ന ചന്ദ്രികേച്ചിയുടെ മുഖം ഓര്‍മ്മ വന്നപ്പോള്‍ വിഷമമല്ല, എനിക്ക് ചിരിയാണ് വന്നത്.
അവര് ചിരിച്ചു തന്നെയായിരുന്നിരിക്കണം കിടന്നിരുന്നത്.. എനിക്കുറപ്പാ.

 
 

Monday, July 11, 2011

രക്തദാനം

തനിക്കു ബോഡി വെയിറ്റ് കുറവാണ്, ഒരു വിളര്‍ച്ച തോന്നുന്നു എന്നൊക്കെ പറഞ്ഞ ഡോക്ടറെയും നെഴ്സുമാരെയും പരിഹസിച്ചു "ഇതൊക്കെ കുറെയേറെ കണ്ടവനും കേട്ടവനുമാണീ അന്തോണി" എന്നു പറഞ്ഞ് 'ചോരയെടുക്കാന്‍ ഇവളുംമര്‍ക്കെന്താ ഇത്ര മടി' എന്ന് ആത്മഗതം ചെയ്തു ലാബിലെ ടേബിളില്‍ കയരിക്കിടന്ന അന്തോണി ഇരുന്നൂറു മില്ലി ചോര്ത്തിയപ്പോളേയ്ക്കും ബോധം കേട്ട് പോയി!


ഒരു കുപ്പി തിരിച്ചു കേറ്റിയിട്ടും ബോധം വരാതായപ്പോള്‍ ഇനിയും വേണ്ടി വന്നാല്‍ ഉപയോഗിക്കാന്‍ രണ്ടുമൂന്നു കുപ്പികൂടി നേഴ്സുമാര് കൊണ്ട് വച്ചു. പെട്ടെന്ന് ബോധം തിരിച്ചു കിട്ടിയ അന്തോണി ചുറ്റുമൊന്നു വീക്ഷിച്ചു.. എന്നിട്ട് ആശുപത്രി കിടുങ്ങുമാരുച്ചത്തില്‍ അലറി..

"എടീ ---കളെ.., ഒന്നുറങ്ങിപ്പോയ ലാക്കിനു എന്‍റെ മൂന്നു കുപ്പി ഊറ്റിയതും പോരാഞ്ഞു വീണ്ടും നാലാമത്തെ ഊറ്റുകയാനല്ലെടി പന്ന - മക്കളെ. കുറച്ചു നേരം കൂടി കഴിഞ്ഞിരുന്ണേല്‍ നീയൊക്കെ എന്‍റെ കിഡ്നി അടിച്ചു മാറ്റിയെനല്ലോ..!!"

Friday, July 1, 2011

പേരോണ്ടുണ്ടായോരു പുകില്!

സ്കൂളില്‍ ചേര്‍ന്ന സമയം തൊട്ടു തുടങ്ങിയതാ എന്‍റെ പേരിന്റെ വിളയാട്ടം. ഏതു രെജിസ്ടറിലും ഒന്നാമത്തെ പേര്, വ്യത്യസ്തമായ പേരുണ്ടാക്കിയ കൌതുകം എല്ലാം ചേര്‍ന്ന് ഒരു അന്യഗ്രഹ ജീവിയെ കാണും പോലെയാണ് പുതിയ കൂട്ടുകാരും എന്തിനു ടീച്ചര്‍മാര് വരെ എന്നെ കണ്ടത്. ഏതു മുടിഞ്ഞ നേരത്താണാവോ എനിക്ക് ഇങ്ങിനെ ഒരു പേരിട്ടത് എന്ന ചോദ്യം എന്നില്‍നിന്നും ഉയരുന്നത് ഒഴിവാക്കാന്‍ പണ്ടത്തെ ദീപിക പത്രത്തില് വന്ന ഒരു ആര്‍ട്ടിക്കിള്‍ ഇടയ്ക്കിടയ്ക്ക് സര്‍വ്വത്ര പേര്‍ക്കും അപ്പന്‍ കാണിച്ചു പോന്നു. അപ്പാപ്പന്റെതായ 'പോള്‍ ' എന്ന പേരിടേണ്ട എനിക്ക് അതിന്റെ ഭാരതീയ നാമം ആയ അനിമേഷ് എന്ന ( ഭീകര!?) പേര് ഇട്ടതിന്റെ വിശദീകരണമാണ് ആ പേപ്പര്‍ കട്ടിങ്ങിലെ പ്രതിപാദ്യം. അങ്ങിനെ സര്‍ക്കാര്‍ ഇറക്കുന്ന ധവളപത്രം പോലെ, ആ പേപ്പര്‍ കട്ടിംഗ് കാണിച്ചു അപ്പന്‍ മുഖം രക്ഷിച്ചു പോന്നു! അനിമാഷ്, ആനിമാഷ്, അനിമല്‍സ്, ആനിവേഴ്സറി തുടങ്ങിയ നാനാര്‍ത്ഥങ്ങളാല്‍ ഞാന്‍ സ്കൂളില്‍ അറിയപ്പെട്ടു. പേര് സൃഷ്ട്ടിച്ച പ്രത്യേക പരിവേഷം ആദ്യം എന്നെ വേര്‍തിരിച്ചു നിറുത്തുവാന്‍ കൂട്ടുകാര്‍ക്ക് കാരണമായെങ്കിലും പതിയെ ഇവന്‍ ഒന്നാംതരം തറ ആണെന്ന് മനസ്സിലാക്കി അവര്‍ എന്നെയും കൂട്ടത്തില്‍ കൂട്ടിപ്പോന്നു !

കോളേജില്‍ എത്തിയപ്പോ പേര് എനിക്ക് മറ്റൊരു പരിവേഷം തന്നു. ഞാനേതോ അന്യസംസ്ഥാനത് നിന്ന് കുടിയേറിയ മൊതലാണെന്നായിരുന്നു ചിലരുടെയെങ്കിലും വിചാരം. അനിമേഷ് സേവിയര്‍ എന്ന് മുഴുവനായും പറഞ്ഞാല്‍ വിശേഷായി. ഇങ്ങിനെയൊക്കെയായാലും നാട്ടിലുള്ള സുഹൃത്തുക്കള്‍ അപ്പോളും ഇപ്പോളും അനുമേഷ്, അല്മേഷ് എന്നൊക്കെ സ്നേഹപൂര്‍വ്വം വിളിക്കുകയും ഞാനത് ആസ്വദിക്കുകയും ചെയ്തുപോന്നു.

പരസ്യകല ഒരു ജീവിതോപാധിയായി സ്വീകരിച്ച് ഗ്രാഫിക് ഡിസൈനിംഗ് കോഴ്സ് ഒക്കെ കഴിഞ്ഞപ്പോളാണ് അപ്പന്റെ ദീര്‍ഘ വീക്ഷണം ചിലരൊക്കെ തിരിച്ചറിഞ്ഞത്! (പേര് അനിമേഷ്.. ജോലി അനിമേഷന്‍ .. ആഹ) പിന്നെപ്പിന്നെ ഏതെങ്കിലും പ്രസന്റേഷന് പോകുമ്പോഴോ ആരെയെങ്കിലും പരിചയപ്പെടുമ്പോഴോ "അയാം അനിമേഷ്" - "ഓഹോ.. യുവര്‍ ഗുഡ് നെയിം?" - "ഇറ്റ്‌ ഈസ്‌ മൈ നെയിം, സര്‍" - "റിയലി? ഇറ്റ്‌ ഈസ്‌ വണ്ടര്‍ഫുള്‍" എന്നത് പതിവായി.

പറഞ്ഞത് മുന്കാലമാണ്.. ആമുഖം മാത്രം. യഥാര്‍ത്ഥ സംഭവം നടന്നത് കുറച്ചു നാള്‍ മുന്‍പ്.

ചെറുപ്പം മുതല്‍ എന്‍റെ ഗെഡിയും നല്ല ഒന്നാംതരം തല്ലുകൊള്ളിയുമായ പ്രദീപ്‌ ആണ് ഈ സംഭവത്തിലെ ഹീറോ.(അതോ വില്ലനോ). ആറാം തരത്തിലെത്തിയപ്പോഴേയ്ക്കും എല്ലാം പഠിച്ചു കഴിഞ്ഞതുകൊണ്ട്‌ പഠിപ്പുനിറുത്തി.സുകുമാരേട്ടന്റെ കൊപ്രചേകില്‍ കൊപ്രകുത്ത്, അടക്കപൊളി, തെങ്ങപൊതിക്കല്‍, കുരുമുളകുനുള്ളല്‍, മാങ്ങാക്കാലമായാല്‍ മാങ്ങ പൊട്ടിക്കല്‍, മഴക്കാലത്ത് മീന്‍പിടുത്തം തുടങ്ങിയ പകല്‍സമയ കര്‍ത്തവ്യങ്ങളും സന്ധ്യയാല്‍ ബിവറേജസില്‍ ക്യൂ, രാത്രിയില്‍ അഖണ്ട തെറിജപം എന്നിവയുമായി ബിസി ആയ ആളാണെങ്കിലും സ്നേഹം വഴിഞ്ഞൊഴുകുന്ന ഹൃദയമുള്ളവന്‍. എപ്പോള്‍ കണ്ടാലും, "അന്മേഷേ, നിന്നെ ഇപ്പൊ കാണാന്ല്യല്ലോ .. മ്മക്കൊന്നു കൂടണം ട്ടാ" എന്ന് പറയാതെ അരങ്ങോഴിയാത്തവന്‍..

സുകുമാരേട്ടന്റെ ചേക്, ഇന്റര്‍നാഷണല്‍ നിലവാരം കാത്തു സൂക്ഷിക്കുന്ന ഒന്നായതിനാല്‍ മഴ പെയ്തു ചോര്‍ന്നോലിക്കുകയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുകയും അതോടെ പണിയും കാശും ഇല്ലാതാവുകയും ചെയ്ത് പ്രദീപിന് മൊത്തത്തില്‍ പ്രന്തായ ഒരു ദിവസമായിരുന്നു അത്. ബസ്‌ സ്റ്റോപ്പിനടുത്ത കലുങ്കില്‍ പോക്കുവെയില്‍ കായാനിരുന്ന പ്രദീപ്‌, എം എസ് ധോനിയുടെ പഴയ സ്റ്റൈലില്‍ മുടി നീട്ടി വളര്‍ത്തി, കാതില്‍ കടുക്കനും, മീശയില്ലാത്ത സ്പെഷ്യല്‍ താടിയും വച്ച്, ഇപ്പോള്‍ ഊരിപ്പോകും എന്ന പോലത്തെ ജീന്‍സും ഫിറ്റ്‌ ചെയ്ത് സ്റ്റോപ്പില്‍ നിന്നിരുന്ന പയ്യനെ ഒന്ന് ശ്രദ്ധിച്ചു..
'ഡാ ചുള്ളാ, നീ മ്മടെ ശാരദേടത്തീടെ വീട് വാങ്ങിച്ച ദിനെശേട്ടന്റെ മോനാ ല്ലേ? "
"അതെ" ധോണി മൊഴിഞ്ഞു.
"എന്തൂട്ടാണ്ട നിന്റെ പേര്?"
"അനുരൂപ്"
"ഞാനും നിന്റെ അച്ഛനും മുന്‍പ് പരിചയക്കാരാ..ആളിപ്ലും ദുബയിലന്ന്യാ? ദിനേശേട്ടന്നു എത്ര മക്കളാ?"
ചോദ്യശരങ്ങള്‍ അസ്വസ്ഥനാക്കിയെങ്കിലും ചോദ്യങ്ങളിലെ ആത്മാര്‍ഥത തിരിച്ചറിഞ്ഞു മറുപടികള്‍ വന്നുകൊണ്ടിരുന്നു.
അശ്വമേധം അടുത്ത റൗണ്ടിലെയ്ക്ക് പ്രവേശിച്ചപ്പോള്‍ ആ ചോദ്യം വന്നു..
"നീ എന്തൂട്ടാണ്ടാ ചെയ്യണേ? പഠിക്ക്യാ ?"
"ഞാന്‍ അനിമേഷന് പഠിക്ക്യ ചേട്ടാ.."
പ്രദീപിന്റെ നെറ്റി ചുളിഞ്ഞു..ചുണ്ടില് തമാശ കേട്ടപോലത്തെ ചിരി വിരിഞ്ഞു..
"എന്തൂട്ടാന്ന്?"
"അനിമേഷന് പഠിക്ക്യാന്നു"
അനിമേഷനും അനിമെഷും തമ്മിലുള്ള വ്യത്യാസം മ്മടെ ഗെടിക്ക്‌ പിടികിട്ടിയില്ല
ചിരി മാഞ്ഞു.. പ്രദീപ് കലുന്കില്‍നിന്നും എണീറ്റു, മീശ മുകളിലോട്ടോന്നു പിരിച്ചു..
"നീയെന്തണ്ടാ ആള്‍ക്കാരെ ഒരുമാതിരി ആക്കണ വര്‍ത്താനം പറയണേ?"
"അല്ല ചേട്ടാ.. ഞാന്‍ ശരിക്കും അനിമേഷന് തന്നെയാ പഠിക്കണേ"
"നേത്തോലിചെക്കാ.. നീയാര്ടെ അടുത്ത്ണ്ടാ കളിക്കണേ? മമ്മൂട്ടിക്ക് പഠിക്ക്യ..മോഹന്‍ലാലിനു പഠിക്ക്യാന്നൊക്കെ സിനിമേല് പറയണത് മ്മളും കേട്ടന്റ്രാ ..അനിമെഷിനെ നീയറിയോടാ.. അവ്നു പഠിക്ക്യാന്മാത്രം എന്തൂട്ടാടാ അവനു കൂടുതല്? -- ചെക്കന്റെ മാന്തള് പോലത്തെ ജീന്‍സും ഊശാന്താടീം കണ്ടപ്പോ തന്നെ ഭൂലോക കൊത്തിയാന്നു തോന്നീതാ.. ചള്ള് ചെക്കന്‍ മ്മടെ പാടത്തെയ്ക്ക് തേവാന്‍ വന്നെക്കാണ്..."
തുടര്‍ച്ചയായി രാത്രിയിലെ തെറിമാല പകലും ഒഴുകി.

കേള്‍ക്കാന്‍ കെല്‍പ്പില്ലാതെ ചെറുക്കന്‍ വീട്ടീപ്പോയി.

വൈകീട്ട് അനുരൂപിന്റെ മാമനും അയാള്‍ടെ കൂട്ടുകാരനും വന്നു പ്രദീപിനെ എടുത്തിട്ട് ചളുക്കിയതും അവര്‍ ആര്‍ എസ് എസ് കാരും പ്രദീപ്‌ മാര്‍ക്കിസ്റ്റുകാരനും ആയതിനാല്‍ സംഘട്ടനം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും പോലീസ് ഇടപെട്ടതും പിന്നെ നടന്ന കാര്യങ്ങള്‍.

കഴിഞ്ഞ ദിവസം ടൗണില്‍ വച്ച് കണ്ടപ്പോള്‍ ഇത്തിരി ചമ്മലോടെ, ഞാന്‍ കാരണം ഇതൊക്കെ സംഭവിച്ചല്ലോ എന്ന വിഷമം മറികടക്കാന്‍ ഞാന്‍ ചോദിച്ചു..
"പ്രദീപേ, മ്മക്ക് രണ്ടെണ്ണം വിട്ടാലോ?"

"വേണ്ട്രോ .. നിന്റെ പേര് പറഞ്ഞു കിട്ടിയതിന്റെ ചൂട് മാറീട്ടില്ല.. ഇനി നിന്റെ കൂടെ നടന്നിട്ടും കിട്ടണോ? മതിയായിട്ടില്ലാല്ലേ?"

പേരോണ്ടുണ്ടാവുന്ന പുലിവാല് ഇപ്പളും തീര്‍ന്നിട്ടില്ലല്ലോ എന്ന് ചിന്തിച്ചു, "അപ്പാ..." ന്നു ഒരു ആത്മഗതവിളി നടത്തി.. ഞാന്‍ പതിയെ സ്കൂട്ടായി.