Monday, July 25, 2011

അജ്ഞാതന്റെ ചിരികുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ്.. 
അമ്യുസ്മെന്റ്റ് പാര്‍ക്കുകളും ബിവരെജുകളും ഇത്രയും സജീവമല്ലാതിരുന്ന അഥവാ ഇല്ലാതിരുന്ന കാലത്ത്.. ഞങ്ങളുടെ പ്രധാന വിനോദയാത്ര അതിരപ്പിള്ളിയിലെയ്ക്കായിരുന്നു.
ചിലപ്പോള്‍ ബസില്‍.. മറ്റു ചിലപ്പോള്‍ ലൈസന്‍സും ആര്‍ സി ബുക്കും തപ്പാന്‍ നില്‍ക്കുന്ന പോലീസിനെ കണ്ണ് വെട്ടിച്ചു ബൈക്കില്‍.

എങ്ങിനെയായാലും വീട്ടില്‍ അറിയാതെയാണ് മുങ്ങല്‍.
കള്ളും നാടനും നാടന്‍ രുചിഭേദങ്ങളും രസം പിടിപ്പിച്ചിരുന്ന ആ യാത്രകളുടെ അവസാനം പാറയില്‍ വഴുതിവീണ് തൊലി പോയും ബൈക്ക് തെന്നി പരിക്ക് പറ്റിയുമോക്കെയാണ് തിരിച്ചെത്തിയിരുന്നതെന്കിലും  അന്നത്തെ ഓരോ യാത്രയും ഓരോ ആഘോഷമായിരുന്നു.

അത്തരമൊരു യാത്രയില്‍, തുമ്പൂര്മുഴിക്കും അതിരപ്പിള്ളിക്കുമിടയില്‍ അധികമാരും ഇറങ്ങാത്ത ഒരു സ്ഥലം ഞങ്ങള്‍ കണ്ടെത്തി. റോഡിലൂടെ ഇടയ്ക്ക് പോകുന്ന വണ്ടികളിലെ കാഴ്ച്ചക്കാരില്‍നിന്നു ബൈക്കുകള്‍ മറച്ചു വച്ച് ഞങ്ങള്‍ ആവേശപൂര്‍വ്വം താഴേയ്ക്കിറങ്ങി. റോഡില്‍നിന്നും ഇരുന്നൂറു മീറ്ററോളം താഴെ ഞങ്ങള്‍ക്ക് വേണ്ടി മാത്രം ഒരു സ്ഥലം. പുഴയുടെ വളവാണ്.
വിജനം.. വന്യം.. വശ്യം!

പാറക്കല്ലുകള്ക്കിടയിലൂടെ വളഞ്ഞു തിരിഞ്ഞു പതഞ്ഞൊഴുകുന്ന പുഴ. ചുറ്റും കാടിന്റെ പച്ചപ്പ്‌. ഒരു വശത്ത് പത്ത് മുപ്പതടി പൊക്കമുള്ള നല്ല കിടിലന്‍ ഒരു പാറക്കെട്ട്. ചുറ്റുമുള്ള കാട്ടില്‍നിന്നു ചീവീടിന്റെ ശബ്ദം മാത്രം. വേനല്ക്കാലമായതുകൊണ്ട് വെള്ളം കുറവ്, അരയ്ക്കൊപ്പം മാത്രം.  ഇത്തിരി ബോധമുണ്ടെങ്കില്‍ ഒലിച്ചു പോകാന്‍ ഒരു സാധ്യതയുമില്ല!

കുപ്പികള്‍ തുറന്നു. അര്‍മ്മാദം തുടങ്ങി. ആറ് പേരടങ്ങുന്ന ഞങ്ങളുടെ സംഘം വെള്ളത്തിലിറങ്ങി തിമിര്‍ത്തു മറിച്ചു. 

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോളാണ് കൂട്ടത്തിലുള്ള ആരോ അത് കണ്ടത്..
നെടുങ്കന്‍ പാറക്കെട്ടിനു മുകളില്‍ ഞങ്ങളെ തന്നെ നോക്കി ഒരാള്‍!
കറുത്ത് തടിച്ചു, മേല് മുഴുവന്‍ രാമവും അരയില്‍ ചുവന്ന കൈലിയുമായി ഒരു താടിക്കാരന്‍.
ഒരു നിമിഷം.. അര്‍മ്മാദം നിന്നു. എല്ലാവരും സൈലന്റ് ആയി.
ഏതോ പ്രേതകഥയിലെ മന്ത്രവാദിയെ പോലെ പാറക്കെട്ടിനു മുകളില്‍ അയാള്‍ ചമ്രം പടഞ്ഞിരിക്കുകയായിരുന്നു.
ഏതോ ഒരു ഭീതി പെട്ടെന്ന് ഞങ്ങളെ പൊതിഞ്ഞു.
അടുത്ത നിമിഷം, സംഘം ചേരലിന്റെ ശക്തിയില്‍ ധൈര്യം വീണ്ടെടുത്ത്‌ ഞങ്ങള്‍ സാഹചര്യത്തിലെയ്ക്ക് തിരിച്ചെത്തി. 
" എന്താ ചേട്ടാ?" എന്ന ചോദ്യത്തിന് ചുമല് കുലുക്കി ഒന്നുമില്ല എന്ന ആംഗ്യം മാത്രം മറുപടി.

"ഇത് പണ്യാവോടാ?"
"ഏയ്‌.. മൈന്‍ഡ് ചെയ്യണ്ട."
"ലോക്കല്സിന്റെ കലിപ്പാവോ?"
"നമ്മള്‍ അതിനു വേണ്ടാത്തതൊന്നും കാണിക്കന്ല്ല്യല്ലോ."
അങ്ങിനെ ചോദ്യവും ഉത്തരവും സമാശ്വാസവും ഞങ്ങള്‍ തന്നെ നടത്തി.

വീണ്ടും അര്‍മ്മാദം തുടങ്ങി. ഇടയ്ക്ക് ഒരുള്‍വിളി വരുമ്പോള്‍ ഓരോരുത്തരും ആ 'അന്യഗ്രഹ ജീവിയെ' തിരിഞ്ഞു നോക്കി. 
നിഗൂഡതയുടെ പര്യായം പോലെ നിസ്സങ്കോചം അയാള്‍ അവിടെത്തന്നെ ഇരിപ്പുണ്ട്! 

ഞങ്ങളെത്തന്നെ മറന്ന കുറച്ചു നേരത്തിനോടുവില്‍  കൂട്ടത്തിലോരുവന്‍ പാറക്കെട്ടിനു മുകളിലേയ്ക്ക് കൈ ചൂണ്ടി.
തിരിഞ്ഞു നോക്കിയ ഞങ്ങള്‍ ഞെട്ടിത്തരിച്ചു.
പാറക്കെട്ടിനു ഏറ്റവും തുമ്പത്ത് ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി,വിരിച്ചു പിടിച്ച കയ്യുമായി താഴേയ്ക്ക് ചാടാനാഞ്ഞു അയാള്‍.
പേടിച്ചു വിറച്ച ഞങ്ങള്‍ താഴേയ്ക്ക് നോക്കി.
നേരെ താഴെയുള്ള കുഴിയില്‍ വന്നു വീണാല്‍ പോലും ചാവാതെ രക്ഷപ്പെടാനുള്ള വെള്ളം അതിലില്ല.

"ചേട്ടാ.. എന്തൂട്ടാ കാണിക്കണേ.. വേണ്ടാട്ടാ.." 
"ചാടല്ലേ.. താഴെ പാറയാ.. "
"പ്ലീസ്.. "
"ഡാ.. തെണ്ടീ, ഞങ്ങക്ക് പണിണ്ടാക്കല്ലെടാ.." 
"നാട്ടുകാരെ.. ഓടി വായോ..."

ഞങ്ങളുടെ വെപ്രാളം പിടിച്ച ശബ്ദഘോഷങ്ങള്‍ക്കു ചിറി കൊടിയ ഒരു ചിരി മറുപടിയായി നല്‍കി അയാള്‍ താഴോട്ടു പോന്നു!

ചിലര്‍ കണ്ണ് പൊത്തി..
എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതെ പകച്ചു നിന്ന ഞങ്ങള്‍ക്ക് കുറച്ചപ്പുറത്തുള്ള കുഴിയില്‍ വെട്ടിയിട്ട മരം പോലെ അയാള്‍ വീണു.
തെറിച്ചുയര്‍ന്ന വെള്ളത്തിന്‌ നടുവില്‍ അയാള്‍ താഴ്ന്നു.. പിന്നെ പൊന്തി. 
കഴുത്തൊപ്പം വെള്ളത്തില്‍ അയാള്‍ ഒന്ന് നിവര്‍ന്നു നിന്നു, എന്നിട്ട് കണ്ണ് മുകളിലേയ്ക്ക് മറിച്ചു വീണ്ടും താഴ്ന്നു. പിന്നെ, പതഞ്ഞൊഴുകുന്ന വെള്ളത്തിനൊപ്പം ആ ശരീരം പാറകളില്‍ തട്ടി ഒഴുകാന്‍ തുടങ്ങി.
പത്തടി അപ്പുറത്ത് കൂടെ ആ ശരീരം പാറകളില്‍ തട്ടിയും മുട്ടിയും നീങ്ങുന്നത്‌ മന്ദബുദ്ധികളേപ്പോലെ ഞങ്ങള്‍ നോക്കി നിന്നു. 
ഒഴുകുന്നതിനിടയില്‍ ഞങ്ങളുടെ മുന്നില്‍ വച്ച് അയാള്‍ കണ്ണ് തുറന്നു. തുറിച്ച കണ്ണുകളോടെ ഞങ്ങളെ നോക്കി. എന്നിട്ട് വീണ്ടും പാറകളില്‍ തട്ടിയും മുട്ടിയും ഒഴുകി നീങ്ങി.

"ഡാ.. സ്കൂട്ടാവ് വേഗം.. ഇത്  പണി കിട്ടാന്‍ പോണ കേസാ" രാജു പറഞ്ഞു. 
ഞങ്ങള്‍ കിട്ടിയതൊക്കെ പെറുക്കി റോഡിലെയ്ക്കൊടി.
ഓട്ടത്തിനിടയില്‍ വീട്ടിലറിയാതെയുള്ള ഊരുചുറ്റലിന്റെ ഭവിഷ്യത്തുകള്‍, ആരെങ്കിലും 'ദിവന്മാര് അയാളെ തല്ലിക്കൊന്നു' എന്നെങ്ങാനും പറഞ്ഞാല്‍ ഉണ്ടാവുന്ന പുലിവാലുകള്‍, പോലീസ് അന്വേഷണം... എല്ലാം തലയിലൂടെ കൊള്ളിയാന്‍ മിന്നുന്നത് പോലെ കടന്നു പോയി.

എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അത് നശിപ്പിക്കാന്‍ ധൈര്യം സംഭരിച്ചു അനീഷ്‌ തിരിച്ചു വന്നു.
കുപ്പിയുടെ കാര്‍ക്കുകളടക്കം പെറുക്കിയെടുത്തു അവന്‍ ഞങ്ങളോട് ചേര്‍ന്നു. 

രണ്ടു നിമിഷത്തിനകം ഞങ്ങള്‍ റോഡിലെത്തി.

ഡ്രസ്സ്‌ ഒക്കെ വാരി വലിച്ചിട്ടു വണ്ടിയെടുക്കുമ്പോള്‍, വണ്ടി ആരും കാണാത്തിടത് ഒതുക്കി വച്ചതില്‍ ഞങ്ങള്‍ സമാധാനിച്ചു. 
പെട്ടെന്ന്, ഞാന്‍ കണ്ടു.. ഞങ്ങലെ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട്‌ ഒരു കയ്യില്‍ ഒരരിവാളുമായ് ഒരു മധ്യവസ്കന്‍..

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയ ജോണിയെ ഞാന്‍ തോണ്ടി വിളിച്ചു ..
"ഡാ.. പെട്ടു, അയാള്‍ മ്മളെ കണ്ടു."

എല്ലാവരും കാറ്റ് പോയ ബലൂണ്‍ പോലെയായി.

"അയാള്‍ക്കിട്ടോരെണ്ണം കൊടുത്തു വിട്ടു പോയാലോ?" എന്ന റാഫിയുടെ ശബ്ദം താഴ്ത്തിയുള്ള ചോദ്യം അയാളുടെ അരിവാളിന്റെ മൂര്‍ച്ച കണ്ടു ഒടുങ്ങി.
പോലീസിനു മുന്നില്‍ കീഴടങ്ങാന്‍  പോകുന്ന തീവ്രവാദിയെപ്പോലെ, ഞാന്‍ അയാള്‍ക്കടുത്തു ചെന്നു. പകുതി കരച്ചിലിന്റെ അകമ്പടിയോടെ പറഞ്ഞു.
"ചേട്ടാ.. ഞങ്ങള് കുളിക്കുമ്പോ ഒരാള്‍ ആ പാറയുടെ മോളീന്ന് താഴേക്കു ചാടി. ചത്തുന്നാ തോന്നണെ"
"ഞാന്‍ ആ വളവിന്റെ അപ്രത് പുല്ലരിയാര്‍ന്നു. നിങ്ങടെ വിളി കേട്ട് വന്നതാ.. ആരാ ആള്? നിങ്ങടെ കൂട്ടത്തിലുളളതാണോ?
"അല്ല ചേട്ടാ.. ഒരു കറുത്ത് തടിച്ചു താടിയൊക്കെ ഉള്ള ആളാ.."
"അതിപ്പോ നമ്മടെ സോമനാവോ?" 

ഇതിനിടയില്‍ "എന്താ രാഘവേട്ടാ പ്രശ്നം?" എന്നും ചോദിച്ചു, അവിടെന്നും ഇവിടെന്നുമോക്കെയായി രണ്ടുമൂന്നു നാട്ടുകാര്‍ അവിടെയെത്തി.
"ഈ ചുള്ളമ്മാര് കുളിക്കണേന്ടവ്ടെ ഒരു ഗെഡി താഴേക്കു ചാടീന്നു പറയണൂ. അടയാളം കേട്ടട്ട്‌ മ്മടെ സോമനാണോന്നു സംശയം."
" ആവും ട്ടാ, അവന്‍ ഇന്ന് ചോന്ന മുണ്ടന്ന്യ ഉടുത്തേർന്നത്.." 

നാട്ടുകാരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു..
"നിങ്ങള് കൂളാവടാപ്പാ.." ഒരാള്‍ ഞങ്ങളെ ആശ്വസിപ്പിച്ചു. 
"ഈ സോമന്‍ ന്നു പറയണ ഡാവിന് മെന്റലാ..
 ന്നാലും ചാടാറോന്നുല്ല്യല്ലോ.. ഡാ.. നിങ്ങള് അയാളെ പിടിച്ചു കിഴിയിട്ടാ? "
ഞങ്ങള്‍ പേടിച്ച ആ ചോദ്യം വന്നു കഴിഞ്ഞു. എല്ലാവരും പരസ്പരം നോക്കി. 
'വിനോദയാത്രക്കെത്തിയവര്‍ നാട്ടുകാരനെ മര്‍ദ്ദിച്ചു കൊന്നു' എന്നൊരു തലേക്കെട്ടുമായി പിറ്റേന്നത്തെ പത്രം ഇറങ്ങുന്നത് ഞങ്ങള്‍ മനസ്സില്‍ കണ്ടു.
ആശയറ്റു ദൈന്യരായി  "ഇല്ല. സത്യമായിട്ടും അങ്ങിനെയൊന്നും ഉണ്ടായിട്ടില്ല..  ആയിരം പ്രാവശ്യം ചാടല്ലേ .. ചാടല്ലേ..ന്ന് പറഞ്ഞതാ.." ഞങ്ങള്‍  പറഞ്ഞു.
"ഗെഡികളൊരു കാര്യം ചെയ്യ്. തെറിക്കാന്‍ നോക്കണ്ട. മ്മക്കൊന്നു നോക്കാം. വാ.. " ഒരു നാട്ടുകാരന്‍ പറഞ്ഞു..

ഞങ്ങള്‍ കയറി വന്ന വഴിയിലേയ്ക്കു അയാള്‍ ഇറങ്ങി. പേടിച്ചു വിറച്ചു ഞങ്ങള്‍ അയാളെ പിന്തുടര്‍ന്നു. ഞങ്ങള്‍ക്ക് പുറകിലായി മറ്റു നാട്ടുകാരും.

അജ്ഞാതന്‍ വീണ സ്ഥലവും ഒഴുകി പോയ വഴിയും ഞങ്ങള്‍ അവരെ കാണിച്ചു കൊടുത്തു.

"ഡാ.. ചാലക്കുടിപ്പോഴേല് കുരുത്തി വയ്ക്കേണ്ടി വരോ? ശവം കിട്ടാന്‍" തുടങ്ങിയ സംഭാഷണങ്ങള്‍ ഞങ്ങളുടെ ടെന്ഷനെ കൂട്ടിക്കൊണ്ടിരുന്നു. 
ഞങ്ങള്‍ക്ക് പത്തിരുപതടി മുന്നിലായി പുഴയുടെ വളവും കഴിഞ്ഞു മുന്നോട്ടു പോയ ചേട്ടന്‍ അപ്പുറതെന്തോ കണ്ടപോലെ പെട്ടെന്ന് നിന്നു.
തിരിഞ്ഞു, ഞങ്ങളോട് നില്ക്കാന്‍ ആംഗ്യം കാട്ടി. എല്ലാവരും നിശബ്ദരായി.
ആകാംക്ഷയുടെ പാരമ്യത്തില്‍ നിന്ന എല്ലാവരും പതിയെ അയാളെ സമീപിച്ചു.

അപ്പോള്‍, 
വളവിനപ്പുറത്തെ പാറപ്പുറത്ത് ചുവന്ന ലുങ്കി പിഴിഞ്ഞ്,  തല തോര്ത്തിക്കൊണ്ട് അയാള്‍! 

അന്തം വിട്ടു വായും പോളിച്ചുനിന്ന ഞങ്ങളെ നോക്കി ആ മനുഷ്യന്‍ ചിറി വശത്തേയ്ക്ക് കൊട്ടി ഒരു ചിരി!
പാറക്കെട്ടിനു മുകളില്‍നിന്നും താഴേയ്ക്ക് പോരുമ്പോള്‍ ഉണ്ടായിരുന്ന അതെ ചിരി!

23 comments:

കാച്ചറഗോടന്‍ said...

ഹ ഹ.. നല്ല പോസ്റ്റ്...

Animesh said...

Thank you for the comment.

ചക്രൂ said...

ഹോ ഭയാനകം

Sarath Menon said...

Actually entha sambhavichathu? pulli engane rakshapettu?

Animesh said...

athaanallo Sarathe, manassilaavaatha kaaryam.

Animesh said...

Ezhuthaano chakroo bhayaanakam? Aanenkil nirthikkolaam.

vipinlazar said...

Ithu Sarikkum nadannathano??

Animesh said...

Vipiney.. ennile bhaavanaye thallikkeduthalle!

വശംവദൻ said...

ഹ..ഹ.. സംഭവം കൊള്ളാം.

എന്തായാലും തിരക്കി പോയപ്പോള്‍ അയാളെ കാണാന്‍ പറ്റിയല്ലോ! അത് തന്നെ ഭാഗ്യം.

Mini S said...

good one. but best in best is Sir Kaisar.

Animesh said...

നന്ദി.. വശംവദന്‍ , മിനി .. ഗ്ലൂക്കോസ് കലക്കി തന്നതിന്!!

Ravanan Kannur said...

അപ്പോള്‍ സമ്മാനം കൂടി കിട്ടിയില്ലേ ...........സന്തോഷന്‍ ആയില്ലേ

ഒരു യാത്രികന്‍ said...

ഇപ്പഴാണ് വായിച്ചത്. വളരെ നന്നായി എഴുതിയിരിക്കുന്നു......സസ്നേഹം

Anonymous said...

നന്നായിട്ടുണ്ട് കേട്ടോ.

rahim said...

എന്റെ പഹയാ താനൊന്നു പേടിപ്പിച്ചു... നാട്ടില്‍ പോയിട്ട് ഒന്ന് ടൂര് പോകണം എന്ന് കരുതി ന്ക്വന്നേ... നല്ല എഴുത്ത്,, ആശംസകള്‍...

Animesh said...

പേരറിയാത്ത സുഹൃത്തിനും റഹിമിനും നന്ദി.
ഞാന്‍ ഈ 'പേടിപ്പിക്കല്‍' ആകെ രണ്ടു എഴുത്തിലെ നടത്തിയിട്ടുള്ളൂ..

Pradeep said...

enikkishtamaayi....vaayikkaan vaikiyathinu kshamikkane...

Animesh said...

Thanks Pradeep.

Roshan PM said...

ഹോ പേടിപ്പിച്ചു കളഞ്ഞു പഹയന്മാര്‍ രണ്ടും കൂടി.

animesh xavier said...

Thank you, Roshan

ലേഖാവിജയ് said...

അയാള്‍ക്കിങ്ങനെ ചാടി ശീലമുണ്ടായിരിക്കും..

രസികന്‍ വിവരണം..

VISHNU DAS said...

ചാടിയ ആൾ എങ്ങനെ രക്ഷപെട്ടു ?? ആ ആർക്കറിയാം..ഏതായാലും കഥ നന്നായിട്ടുണ്ട്...

tusker komban said...

ഹോ..സംഗതി സൂപ്പര്‍, കലക്കന്‍.,. നല്ല പോസ്ടായിരുന്നു അത് ട്ടോ.