Powered By Blogger

Thursday, April 26, 2012

കുളം ചാടികളും മാനത്തുകണ്ണികളും


കുട്ടിക്കാലത്ത്, തോടു തേവിപ്പിടിച്ച ചെറുമീനുകളെ കിണറ്റിലിടുമ്പോള്‍
തലയ്ക്ക് ഒരിരുപതിരുപത്തഞ്ച് പൈസ കൂടുതലുള്ള(?) കുട്ടേട്ടന്‍  എന്നോടു പറഞ്ഞു..
'പൊടിമീനുകളെ പിടിച്ച് കിണറ്റിലിടരുത്.. 
അവറ്റകള് കിണറ്റില്‍ കിടന്ന് വട്ടം തിരിയും.. നമ്മളതുകണ്ട് നട്ടം തിരിയും' 
ഈ മഹത്‌വചനത്തിന്റെ അര്‍ത്ഥം ഇതു വരെയും  എനിക്ക് പിടി കിട്ടിയിട്ടില്ല!










എന്റെ താല്പര്യങ്ങളറിയുന്ന ലണ്ടനിലുള്ള എന്റെ സുഹൃത്ത് ടോണി, രണ്ടു മൂന്നു വര്‍ഷം മുമ്പ് എനിക്കൊരു മെയില്‍ ചെയ്തു. 
'നിനക്ക് വേണ്ടി ഞാനൊരു സ്‌പെഷ്യല്‍ സൂത്രം വാങ്ങിച്ചുവച്ചിട്ടുണ്ട്.. അടുത്ത വരവിന് കൊണ്ടു വരാം'. 


ഞാന്‍ ആകാംക്ഷാഭരിതനായി. എന്താ സാധനം എന്നറിയാതെ ഇരിക്കപ്പൊറുതിയും കിടക്ക പ്പൊറുതിയുമില്ലാതായി. നിരന്തരമായ ആവശ്യപ്പെടലുകള്‍ക്കൊടുവില്‍ ഒരു പിക്ചര്‍ മെയിലില്‍ വന്നു. ഒറ്റ നോട്ടത്തില്‍ അതേതോ ഫോട്ടോഗ്രാഫി സപ്പോര്‍ട്ടിംഗ് സാധനമാകുമെന്നാണ്  കരുതിയത്. സൂം ചെയ്തപ്പോളാണ് വിശ്വരൂപം കണ്ടത്. മെറ്റാലിക് ബ്ലാക്ക് ഫിനിഷില്‍, സ്‌പോഞ്ചിന്റെ പിടുത്തവും വെട്ടിത്തിളങ്ങുന്ന വളയങ്ങളും മോട്ടോറു മൊക്കെയായി ഒരുഗ്രന്‍ ചൂണ്ട! അടുത്തു തന്നെ ഒരു പേനയുമുണ്ട്. വലിപ്പം താരതമ്യപ്പെടുത്താനാണ്. ഒരു പത്തു പതിനാലടി നീളം വരും. ഞാന്‍ ആവേശഭരിതനായി. 


"ഇതു എങ്ങിനെ കൊണ്ടു വരും? പീസ് പീസാക്കി കൊണ്ടുവന്ന് ഇവിടെ കൂട്ടി യോജിപ്പിക്കാമോ?' എന്ന് ചോദിച്ചപ്പോളാണ് അവന്‍ അതിന്റെ വലിപ്പത്തെക്കുറിച്ച് ബോധവാനായത്. വാഴയില മുറിയ്ക്കാന്‍ പോകുന്നവരുടെ അരിവാള്‍ത്തോട്ടിയും മാങ്ങാക്കാരുടെ വലത്തോട്ടിയും ബസിന്റെ പുറകിലെ ഗോവണിയില്‍ വെച്ചു കെട്ടി കൊണ്ടുപോകുന്നതുപോലെ വിമാനത്തില്‍ സൈഡില്‍ ചൂണ്ട കെട്ടിവച്ച് കൊണ്ടുവരുന്ന സീന്‍ ഞങ്ങള്‍ തമ്മില്‍ പറഞ്ഞു  ചിരിച്ചു. അത്തവണ ടോണി വന്നപ്പോള്‍ മോസ്റ്റ് എവെയ്റ്റഡ് ആയ ചൂണ്ട നഹി. ഞാന്‍ ഇത്തിരി മൂഡോഫായി. 


"ചൂണ്ട, വിമാനത്തിന്റെ സൈഡില്‍ കെട്ടിവെയ്ക്കാന്‍ സമ്മതിച്ചില്ലെടാ" എന്ന് അവന്‍  തമാശയായിട്ട് പറഞ്ഞെങ്കിലും എന്റെ മനസ്സിന് തൃപ്തിയായില്ല. കാരണം ഫോറിന്‍ ചൂണ്ടയില്‍ നാലാള്‍ കാണെ മീന്‍പിടിക്കണം എന്ന് എനിക്കത്രയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. 


മീന്‍, മീന്‍ പിടിത്തം, മീന്‍ വളര്‍ത്തല്‍ തുടങ്ങിയ 'മഹാകാര്യ'ങ്ങളോട് എനിക്ക് താല്പര്യമുണ്ടാക്കിയത് അമ്മയും അമ്മാമ്മയുമായിരുന്നു. അമ്മയുടെ ചെറുപ്പകാലത്തേക്കുറിച്ചുള്ള വിവരണങ്ങളില്‍ മീനുകളും പാടവും മലവെള്ളവുമെല്ലാം നിറഞ്ഞു നിന്നിരുന്നു. അതെല്ലാം കേട്ട് ആവേശഭരിതമായ കുട്ടിക്കാലം ഒരുപാട് പരീക്ഷണങ്ങള്‍ക്കും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്! 


സ്‌കൂളില്‍ പോയിത്തുടങ്ങുന്ന കാലത്ത്, പാടത്തിന്റെ വരമ്പിലൂടെ ആഘോഷമായ ഒരു യാത്രയുണ്ട്! അമ്മയ്ക്ക് ജോലിക്ക് പോകാനുള്ള 'രവി മോട്ടോര്‍സ്' ബസ് മിസ്സാവാതിരിക്കാന്‍ നല്ല സ്പീഡിലാണ് പോവുക. അമ്മയ്‌ക്കൊപ്പമെത്താന്‍ ഞാനൊരു സെമി ഓട്ടത്തിലായിരിക്കും. കണ്ണുടക്കുന്ന കാഴ്ചകളുമായി പടവും തോടും കാത്തുനില്‍ക്കുന്നുണ്ടാവും. തോടിന്റെ വരമ്പ് ക്രോസ് ചെയ്ത് പായുന്ന നീര്‍ക്കോലികളും തോട്ടിലെ ഒഴുക്കിനെതിരെ സ്റ്റെഡിയായി നില്‍ക്കുന്ന കോലാന്‍മീനുകളും പൂച്ചുട്ടിയെന്നറിയപ്പെടുന്ന മാനത്തുകണ്ണികളും തുപ്പലു കൊത്തിയെന്നു വിളിക്കുന്ന കുളം ചാടിപ്പരലുകളും കണ്ണിനു വിരുന്നാവുന്നതും നിരീക്ഷിക്കപ്പെടുന്നതും സ്‌കൂള്‍ വിട്ടു വരുമ്പോളാണ്. വയലുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കഴകളില്‍ കൂട്ടം കൂടിനില്‍ക്കുന്ന ചെറിയ പരല്‍ക്കൂട്ടങ്ങളും മിന്നിത്തിളങ്ങുന്ന കുറുവകളും പള്ളത്തികളും കാലടിശബ്ദം കേള്‍ക്കുമ്പോള്‍ അളയിലേയ്‌ക്കോടുന്ന ഞണ്ടുകളും ഹരം പിടിപ്പിച്ചിരുന്നതായിരുന്നു, ആ യാത്രകള്‍. 


അമ്മയുടെ അകമ്പടിയില്ലാതെ സ്വയം പര്യാപ്തരാവുന്ന ദിവസങ്ങളിലാണ് ആശയടക്കങ്ങള്‍ കൂടുപൊട്ടിക്കുന്നത്. കൂട്ടിന് സമപ്രായക്കാരുടേയും, മേല്‍നോട്ടം വഹിക്കാന്‍ 2-3 വയസ്സ് കൂടുതലുള്ള ചേച്ചിമാരുടേയും സാന്നിദ്ധ്യമുണ്ടാവും. കാലു കൊണ്ട് തട്ടിത്തേവി മീന്‍ പൊടികളെ പിടിയ്ക്കുക, കുട നിവര്‍ത്തി മീന്‍ കോരുക, ഞണ്ടിനെ ഓടിച്ചിട്ടു പിടിയ്ക്കുക തുടങ്ങിയ കലാപരിപാടികള്‍ ഇത്തരം ദിവസങ്ങളില്‍ അരങ്ങേറും. പാടം കയറി ചിറത്തിണ്ടിലെത്തുമ്പോളേയ്ക്ക് പിടിച്ചെടുത്ത് ചോറുപാത്രത്തില്‍ തടവിലാക്കിയിരുന്ന  എല്ലാവരേയും നിരുപാധികം വിട്ടയച്ച് തെളിവുകള്‍ നശിപ്പിക്കും. എങ്കിലും പാത്രത്തില്‍ പറ്റിയ ചെളി, വെള്ളത്തിന്റെ ഭാരം താങ്ങാതെ മലര്‍ന്ന കുടക്കമ്പി തുടങ്ങിയവ ഞങ്ങളെ ദാക്ഷിണ്യമില്ലാതെ ഒറ്റി കൊടുക്കും. വഴക്കും കിഴുക്കും മീന്‍പിടുത്തം സമ്മാനിച്ച രസത്തിനെ കൊല്ലാന്‍ ഒട്ടും മതിയാവുമായിരുന്നില്ല!


തറവാട്ടുപറമ്പില്‍ രണ്ട് കുളങ്ങളുണ്ടായിരുന്നു. ഒന്ന് പറമ്പിന്റെ വശത്തുകൂടി ഒഴുകുന്ന കൈത്തോട്ടിലേയ്ക്ക് വാലുള്ള വലിയ കുളവും മറ്റൊന്ന് പറമ്പിന്റെ ഇങ്ങേ വശത്ത് പാടത്തിനോട് ചേര്‍ന്ന് പായല്‍ മൂടിക്കിടക്കുന്ന 'നായ്ക്കന്‍ കുത്തിയ കുളവും'. വലിയ കുളത്തിലാണ് അമ്മയും അമ്മായിമാരും അലക്കും തിരുമ്മലും നടത്തി യിരുന്നത്. കുറച്ചുനേരം ആളനക്കമില്ലാതായാല്‍ കുളത്തിന്റെ ഇടത്തേ മൂലയില്‍ മുഷികള്‍ വരിവരിയായി നീര്‍ കുടിച്ചു പോകുന്നതുകാണാം. കരിപ്പിടികള്‍ക്ക് അനക്കമൊന്നും പ്രശ്‌നമല്ല. വേനലിന്റെ അവസാനത്തില്‍, മഴ തുടങ്ങാറാവുമ്പോള്‍ അപ്പനും കൂട്ടുകാരും കുളത്തില്‍ നഞ്ചു കലക്കും. വലുതും ചെറുതുമായ എത്ര മീനുകളെയാണ് കിട്ടിയിരുന്നത്. അവരൊക്കെ മീനും പങ്കുവച്ച് സ്ഥലം കാലിയാക്കുമ്പോള്‍ പഴയ അരിപ്പക്കയിലും കുത്തു വിട്ട കൈയില്‍കൊട്ടയും വടിയില്‍ കെട്ടി ഞങ്ങള്‍ മീന്‍ കോരാനിറങ്ങും. വെള്ളത്തിലിറങ്ങാന്‍ അനുവാദമില്ല. നീര്‍വാളക്കുരു കലക്കിയത് മേലായാല്‍ നീറ്റല്‍ വരുമെന്നതാണ് കാരണം. 


മഴക്കാലമായാല്‍ പാടത്താകെ വെള്ളം കൂടും. കഴകള്‍ പൊട്ടി, തോടും പാടവും തിരിച്ചറിയാന്‍ വയ്യാതാവും. അങ്ങിനെ വെള്ളം കയറിത്തുടങ്ങുമ്പോളാണ് അപ്പനും സംഘവും മീന്‍ വെട്ടിപ്പിടിയ്ക്കാനിറങ്ങുന്നത്. അവര്‍ തിരിച്ചെത്തുമ്പോള്‍ കൊണ്ടുവരുന്ന സഞ്ചിയിലെ പിടച്ചിലുകളില്‍ ഞങ്ങളുടെ കാത്തിരിപ്പ് സഫലമാകും. അങ്ങനെ കൊണ്ടുവരുന്ന മീനുകള്‍ക്ക് സാധാരണ പലിഞ്ഞീന്‍ (മീന്‍മുട്ട) കാണും. അത് വറുത്തുതിന്നാന്‍ അന്ന് വലിയ ഇഷ്ടമായിരുന്നു (ഇന്നും!).  മഴക്കാലത്ത് സ്‌കൂളുവിട്ടുവരുമ്പോള്‍, ചാറ്റല്‍മഴയില്‍ നനഞ്ഞ് വലിയ തോട്ടില്‍ വട്ടവല വെയ്ക്കുന്ന ആളുകളെ കാണാം. അങ്ങനെയുള്ള അവസരങ്ങളിലാണ് മീന്‍ ചാടുന്നത് കാണാന്‍ പറ്റുന്നത്. വലയില്‍ തട്ടിയാല്‍ ഉടന്‍ മീനുകള്‍ ഒന്നു പിടഞ്ഞു തിരിയും. വലപൊക്കാന്‍ ഒരു സെക്കന്‍ഡു താമസിച്ചാല്‍ മീനുകള്‍ വലയില്‍നിന്ന് പുറത്തു ചാടും. അങ്ങിനെ വലവെയ്ക്കുന്നവരുടെ തലയ്ക്കു മുകളിലൂടെ വരെ ചാടിപ്പോകുന്ന മീനുകളെ കണ്ടിട്ടുണ്ട്. കിട്ടിയ മീനുകളെ മുളകൊണ്ടു നെയ്തുണ്ടാക്കിയ കൂടയില്‍ ആണ് ഇടുക. പുതിയ മീനുകളെ ഇടാനായി മൂടി പൊക്കുമ്പോള്‍ അതിനുള്ളിലേയ്ക്ക് ഞങ്ങള്‍ എത്തി നോക്കും. ശരീരത്തിന്റെ അടിയില്‍ മഞ്ഞനിറവും കൂര്‍ത്ത കൊമ്പുകളുമുള്ള ഏട്ടക്കൂരികളേയും വെട്ടിത്തിളങ്ങുന്ന ചെതുമ്പലുള്ള കുറുവപ്പ രലുകളേയും  അതില്‍ കാണാം. 


മഴ മുറുകുമ്പോള്‍ കൈത്തോട് നിറഞ്ഞ് വലിയ കുളത്തിന്റെ വാല് വഴി വെള്ളവും മീനും കേറിവരും. മഴ കുറയുമ്പോള്‍ ഒച്ച കേള്‍പ്പിക്കാതെ ഞങ്ങള്‍ കുളത്തിനടുത്തെത്തും. അപ്പോള്‍ നല്ല വലിപ്പമുള്ള ബ്രാലുകളും അവ പാറ്റിയ ചുവന്ന  കുഞ്ഞുങ്ങളും വെള്ളത്തിന്റെ മുകളില്‍ നില്‍പ്പുണ്ടാവും. ആളുടെ നിഴലു കണ്ടാല്‍ അവ പതിയെ താഴ്ന്ന് പോകും.


രണ്ടാം ക്ലാസ്സ് കഴിഞ്ഞ സമയത്താണ് തറവാട് ഭാഗം വെച്ചതും ഞങ്ങള്‍ അമ്മവീട്ടിലേയ്ക്ക് താമസം മാറ്റിയതും. മൂന്നാം ക്ലാസ്സില്‍ അവിടെയായിരുന്നു പഠനം. തറവാടിനോട് സമാനമായ രീതിയില്‍ത്തന്നെയായിരുന്നു അമ്മവീടിന്റേയും നില്‍പ്പ്. ഒരു വശം മുഴുവന്‍ പാടം. വ്യത്യാസമെന്താണെന്നു വച്ചാല്‍, പാടം പറമ്പില്‍നിന്ന് തട്ടു തട്ടായി താഴെയാണ്. ഒന്നാമത്തെ തട്ടില്‍ ഒരു കണ്ടം. അതിലും താഴെ നീളത്തിലൊരു കണ്ടം. അതിനോടു ചേര്‍ന്ന് നല്ല താഴ്ചയുള്ള ഒരു കുളം. അതിനും താഴെയുള്ള തട്ടിലാണ് വിശാലമായ പാടം പരന്നു കിടക്കുന്നത്. താഴേക്കിറങ്ങിപ്പോകാന്‍ അനുവാദമില്ല. കുളത്തില്‍ എത്തിച്ചു നോക്കാന്‍ അമ്മാമ്മയുടെ കണ്ണും വെട്ടിച്ചു പോകണം. തറവാട്ടില്‍നിന്ന് വ്യത്യസ്തമായി ഇവിടെ മഴക്കാലത്ത് മലവെള്ളം വരും. (നിറയുന്ന ഡാമുകള്‍ തുറന്നുവിടുന്നതാണ് മലവെള്ളം) ആദ്യം വലിയ പാടം നിരക്കെ വെള്ളമാകും. പിന്നെപ്പിന്നെ, നോക്കിയിരിയ്‌ക്കേ വെള്ളത്തിന്റെ ലെവലുയരും. തട്ടുകള്‍ തട്ടുകള്‍ കീഴടക്കി അത് പറമ്പിലേയ്ക്ക് കയറാന്‍ തുടങ്ങും. സ്‌കൂളിലേയ്ക്ക് പോകുമ്പോള്‍ വെള്ളം റോഡിനെ കീഴടക്കാന്‍ വെമ്പി നില്‍ക്കുന്നതുകാണാം. സ്‌കൂളുവിട്ട് തിരിച്ചു വരുന്നത് വെള്ളം ഏതുവരെയെത്തി എന്നറിയാനുള്ള ആവേശത്തിലായിരിക്കും. ചിലപ്പോള്‍ അതേ ലെവലില്‍ നില്‍ക്കുന്നുണ്ടാവും. ചിലപ്പോള്‍ ഞങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് നിരപ്പു താഴും. തിരിച്ചു വരുമ്പോള്‍ ഒരിക്കല്‍ മാത്രം വെള്ളം കയറിയതിനാല്‍ റോഡു കാണാനില്ല! റോഡിനിരുവലത്തും വച്ചിരിക്കുന്ന പെയിന്റടിച്ച കല്ലുകളുടെ അറ്റം മാത്രം ചിലയിടങ്ങളില്‍ കാണാം. മലവെള്ളത്തില്‍ കല്ലന്‍ നീര്‍ക്കോലി, ചീങ്കണ്ണി, മലമ്പാമ്പ് തുടങ്ങിയ 'ഭീകര ജീവികള്‍' ഉണ്ടാവുമെന്നും അവ പല കുട്ടികളേയും പണ്ടുകാലങ്ങളില്‍ അപായപ്പെടുത്തിയിട്ടുണ്ടെന്നും  ഞങ്ങളെ പറഞ്ഞു ഫലിപ്പിച്ചിരുന്നതിനാല്‍ നല്ല ഒന്നാംതരം പേടി അന്നുണ്ടായിരുന്നെങ്കിലും സംഘത്തിലെ ആരും ഇനി എന്തു ചെയ്യും എന്ന് വേവലാതി പൂണ്ടതായി ഓര്‍മ്മയില്ല. കുറേ നേരം മലവെള്ളം കണ്ടു നിന്നു. കുറേ കഴിഞ്ഞപ്പോള്‍. റോഡിനക്കരെനിന്ന് വന്ന മൂന്നുനാലുപേര്‍ ഞങ്ങളുടെ സംഘത്തെ മലവെള്ളം കടത്തി വിട്ടു. 


മലവെള്ളം കയറുമ്പോള്‍ വല്യച്ചന്‍ (അമ്മയുടെ തൊട്ടുതാഴെയുള്ള ആങ്ങള) വെട്ടുചൂണ്ടകള്‍ തയ്യാറാക്കും. കാളത്തേക്കിന്റെ ചാലില്‍ താവളമടിച്ചിരിക്കുന്ന തവളക്കുഞ്ഞുങ്ങളാണ് ഇരകള്‍. സാധാരണ ചൂണ്ട പോലെയല്ല ഇത്.  നൂലിന് നല്ല കനവും വലിയ കൊളുത്തും ഒക്കെയായിരിക്കും. വൈകുന്നേരമാകുമ്പോള്‍ നൂലില്‍ പൊന്തി കെട്ടി,  ചൂണ്ടയുടെ കൊളുത്തു ഭാഗം മലവെള്ളത്തിലേയ്‌ക്കെറിയും. മറ്റേത്തല കരയില്‍ കുറ്റിയടിച്ചുറപ്പിക്കും. അത്തരം അഞ്ചെട്ടെണ്ണം കാണും. പിറ്റേന്നു രാവിലെ മീന്‍ കുടുങ്ങിയോ എന്നു നോക്കുവാന്‍ പോയ അച്ചനെ കാത്ത് ഞങ്ങള്‍ അക്ഷമരായി ഇരിക്കും. അങ്ങിനെയുള്ള ഒരു ദിവസമാണ് മൂന്നടിയോളം വലിപ്പമുള്ള ഒരു മലിഞ്ഞീനേയും കൊണ്ട് അച്ചന്‍ വന്നത്. പാമ്പു പോലുള്ള അത്രേം വലിയ ഒരു മീനിനെ ആദ്യമായി കാണുകയായിരുന്നു. അത് പാമ്പിനേപ്പോലെ ചീറ്റുകയും ചിലപ്പോള്‍ കടിക്കുകയും ചെയ്യുമെന്ന് അമ്മാമ പറഞ്ഞു തന്നതായി ഓര്‍ക്കുന്നു.


വെള്ളം ഇറങ്ങി സ്‌കൂളില്‍ പോകുമ്പോള്‍ പഴയ പരിപാടികള്‍ ആവര്‍ത്തിക്കും. എങ്കിലും തറവാട്ടില്‍നിന്നുള്ള സ്‌കൂളില്‍ പോക്കിന്റെ രസമൊന്നും അതിനുണ്ടായിരുന്നില്ല. കാരണം ആ വഴിയില്‍ തോടും പാടവും കുറവായിരുന്നു എന്നതു തന്നെ. എങ്കിലും പുസ്തകപ്പെട്ടി കലുങ്കില്‍ വച്ച് മീന്‍ പിടിയ്ക്കാന്‍ തോട്ടിലേയ്ക്ക് പോയ ഞങ്ങളെ വല്യച്ചന്‍ ഒരിക്കല്‍ കയ്യോടെ പിടികൂടി. അങ്ങിനെ വല്ലപ്പോഴും സംഭവിയ്ക്കുന്ന ആ കലാ പരിപാടിയ്ക്കും സെന്‍സറിംഗ് നേരിടേണ്ടി വന്നു. വീട്ടില്‍ വന്നാല്‍ കുളത്തിനടുത്തേയ്ക്കു പോകാന്‍ അനുവാദവുമില്ല. അങ്ങനെയിരിക്കെയാണ് ഞങ്ങള്‍ സ്വന്തമായി വീടു വാങ്ങുന്നത്. തറവാട്ടില്‍നിന്ന് 3-4 കിലോ മീറ്റര്‍ മാത്രം അകലെ. വീടിനു പുറകിലൂടെ ഒരു കനാല്‍ പോകുന്നുന്നെ വാര്‍ത്ത ഉള്‍ക്കുളിരോടെയാണന്ന് കേട്ടത്. 


കനാലില്‍ വേനല്‍ക്കാലത്ത് 15-20 ദിവസം കൂടുമ്പോള്‍ മാത്രമേ വെള്ളമുണ്ടാകൂ എന്നും അതില്‍ കാര്യമായി മീനുകളില്ല എന്നുമുള്ള സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിഷമമായി. പക്ഷേ, രണ്ട് പറമ്പുകള്‍ക്ക് താഴെ തേമാലിപ്പറമ്പുകള്‍ ആരംഭിക്കുകയാണെന്നും അതിനു തുടര്‍ച്ചയായി വിശാലമായ പാടശേഖരമാണെന്നും മനസ്സിലാക്കിയപ്പോള്‍ സമാധാനമായി. പക്ഷേ, 'പാടം നിരങ്ങാന്‍' പോയാല്‍ നല്ല പെട കിട്ടും എന്ന കല്ലേ പിളര്‍ക്കുന്ന കല്‍പ്പന മാതാശ്രീയില്‍നിന്ന് ഉണ്ടായതിനാല്‍ എട്ടാം ക്ലാസ്സു വരെ മീന്‍പിടുത്തത്തിന് താല്‍ക്കാലിക തിരശീല വീണു!


ഹൈസ്‌കൂള്‍ കാലം വീട്ടുകാരറിയാതെ ഒരു ഫിഷിംഗ് പരിശീലനകാലമായിരുന്നു! ജോണി, സജീവന്‍ തുടങ്ങിയ എന്നേക്കാള്‍ പ്രായം കുറഞ്ഞവരെങ്കിലും നീന്തല്‍, മീന്‍ പിടുത്തം എന്നിവയില്‍ എക്‌സ്‌പെര്‍ട്ടുകളായ എന്റെ കൂട്ടു കാരില്‍നിന്ന് ചൂണ്ടയുണ്ടാക്കുന്നതും, ഇര തെരഞ്ഞു പിടിക്കുന്നതും, ഇര കോര്‍ക്കുന്നതും, പൊന്തി (ചൂണ്ടനൂലില്‍ കോര്‍ത്തുകെട്ടി  വെള്ളത്തില്‍ ഉയര്‍ന്നുകിടന്ന് മീന്‍ കുരുങ്ങിയതിന്റെ സൂചന തരാന്‍ ഉപയോഗിച്ചിരുന്ന ഇതിന് പണ്ട് ഇഞ്ചിപ്പുല്ലിന്റെ ഉണങ്ങിയ കഷണമോ കൊള്ളിത്തണ്ടിത്തിന്റെ പൊങ്ങോ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ അത് തെര്‍മോകോള്‍ കഷണങ്ങള്‍ക്ക് വഴി മാറി) കെട്ടുന്നതും പഠിച്ചെങ്കില്‍ പ്രകാശന്‍ പഠിപ്പിച്ചത് വള്ളിക്കൂടുണ്ടാക്കാനാണ്. 'കുരുത്തി' എന്ന് അറിയപ്പെടുന്ന മുളഞ്ചീളുകള്‍ കെട്ടിയുണ്ടാക്കിയ കൂടയുടെ മിനിയേച്ചര്‍ രൂപമാണ് വള്ളിക്കൂട്. പച്ചീര്‍ക്കിലും പാറവള്ളിയുമുപയോഗിച്ച് കുമ്പിള്‍ ആകൃതിയില്‍ നെയ്തുണ്ടാക്കുന്ന ഇതിന് വായ്‌വട്ടം ഒരു ചെറിയ പ്ലെയ്റ്റിനോളം വരും. താഴേയ്ക്ക് പോകും തോറും ഇഴയടുപ്പിച്ച് അവസാനം ഒരു പോയന്റില്‍ തീരും. നല്ല ഒഴുക്കുള്ള ചെറിയ കഴകളില്‍ കുറ്റിയടിച്ചുറപ്പിക്കുന്ന വള്ളിക്കൂടില്‍ ഒഴുക്കിലൂടെ വരുന്ന മീനുകള്‍ പെടും. ഉയര്‍ത്തി നോക്കുമ്പോള്‍ ചിലപ്പോള്‍ കുടുങ്ങിയ മീനുകളെ തിന്നാനെത്തിയിരിക്കുന്ന നീര്‍ക്കോലികളേയും കാണാം. ഓരോ വര്‍ഷവും അഞ്ചോ ആറോ വള്ളിക്കൂടുകള്‍ ഞാനുണ്ടാക്കാറുണ്ടെങ്കിലും വീട്ടുകാരുടെ കണ്ണുവെട്ടിച്ച് രാവിലെ പാടത്തു പോകാന്‍ പലപ്പോഴും താപ്പുകിട്ടാത്തതിനാല്‍ മീനൊക്കെ ആമ്പിള്ളേര്‍ കൊണ്ടു പോകാറാണ് പതിവ്. എങ്കിലും ആര്‍ക്കെങ്കിലും എന്റെ കൂടുകളില്‍നിന്ന് മീന്‍ കിട്ടിയെന്നറിഞ്ഞാല്‍.. ഹോ, ആ ചാരിതാര്‍ത്ഥ്യം!


പിന്നെപ്പിന്നെ, ഏതൊക്കെ മീനുകള്‍ക്ക് ഏതെല്ലാം ഇര കോര്‍ക്കണം, കൊത്തിയിരിക്കുന്നതേതുതരം മീനാണ് തുടങ്ങിയ കാര്യങ്ങള്‍ വേലായുധേട്ടന്‍, ചന്ദ്രേട്ടന്‍ എന്നിവരില്‍നിന്ന് കണ്ടും കേട്ടുമറിഞ്ഞു. നനയന്‍ചാത്തനെന്ന് നാട്ടിന്‍പുറങ്ങളില്‍ വിളിക്കപ്പെടുന്ന പ്രാണിയെ ബ്രാലിന് ഇഷ്ടമാണെന്നും ചെമ്മീന്‍, കോഴി വേസ്റ്റ് എന്നിവ മല്‍ഞ്ഞീന്‍ പിടിക്കാന്‍ ബെസ്റ്റാണെന്നുമൊക്കെ പഠിപ്പിച്ചത് അവരാണ്. തേങ്ങയും അരിയും വറുത്ത് പൊടിച്ച് കുറച്ച് വെളിച്ചെണ്ണചേര്‍ത്തുണ്ടയാക്കി ഒരു കുടത്തിലിട്ട് വായഭാഗം തുണികൊണ്ട് പൊതിഞ്ഞുകെട്ടി അതില്‍ ചെറിയൊരു ദ്വാരമിട്ട് കുളത്തിലോ തോട്ടിലോ ഇറക്കിവച്ച് കുറേക്കഴിയുമ്പോള്‍ പൊക്കിയെടുക്കുന്ന പരമ്പരാഗത വിദ്യയുണ്ട്. ഉള്ളില്‍ നിറയെ പുറത്തു ചാടാനാവാതെ കുരുങ്ങിയിരിക്കുന്ന മീനുകളുണ്ടാവും, ചിലപ്പോള്‍ പാമ്പും!


യുവത്വം ചുറ മാന്തിയിരുന്ന കാലത്ത് മഴക്കാലമാവുംപോള്‍ കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ ഏറ്റുമീന്‍ പിടിക്കാനിറങ്ങും. വെളിച്ചം കണ്ടു നിശ്ചലരാവുന്ന മീനുകളെ നീളം കൂടിയ വെട്ടുകത്തി അല്ലെങ്കില്‍ വാള്‍ കൊണ്ട് കൊത്തുകയാണ് ചെയ്യുക. ഊക്കു കൂടിയാല്‍ മീന്‍ രണ്ടായി മുറിയും. ചിലപ്പോള്‍ ഒഴുക്കില്‍ രണ്ടുകഷണവും കിട്ടാതാവും. വെള്ളത്തില്‍ വെട്ടുകത്തി പാളാനും സാധ്യതയുണ്ട്. തവളകളെ 'സമൂഹ സദ്യ'യ്ക്കും മീനുകളെ പങ്കു വച്ച് വീടുകളിലേയ്ക്കും കൊണ്ടു പോകും. തിരിച്ചു ചെല്ലുന്നതും കാത്തു ചെറുപ്പത്തില്‍ ഞങ്ങളിരുന്ന അതെ ആവെശത്തോടെ അമ്മ നോക്കിയിരിപ്പുണ്ടാവും!




നഞ്ചുകലക്കലും, തേവിപ്പിടുത്തവും, കുളം വറ്റിക്കലും, വലവെയ്ക്കലും, വെട്ടിപ്പിടുത്ത(ഊത്തല്‍ മീന്‍ പിടുത്തം)വുമൊക്കെയായി കാലമൊരുപാട് കടന്നുപോയി. സംഘം ചേരുമ്പോള്‍ വീരസ്മരണകളായി പഴയ മീന്‍പിടുത്തകഥകള്‍ ഒതുങ്ങിപ്പോയി. എങ്കിലും നായന്‍മാരുടെ കുളം തൂര്‍ന്നുപോയോ എന്നന്വേഷിക്കാനും തോട്ടിലിപ്പോള്‍ വെള്ളമുണ്ടോ എന്നു നോക്കാനുമൊക്കെ മനസ്സു തുടിക്കും. നമുക്കു കിട്ടിയ അറിവുകള്‍ പുതിയ തലമുറയോടു പങ്കുവയ്ക്കുന്ന നേരത്ത് പ്രകൃതിയെ തൊട്ടറിയാന്‍ അവസരം കിട്ടാതെ, കഥ കേട്ട് വായും പൊളിച്ചിരിക്കുന്ന അവരോടു സഹാനുഭൂതി തോന്നുമ്പോളും എനിക്കു ലഭിച്ച സൗഭാഗ്യങ്ങളില്‍ ഞാന്‍ അഭിമാനം കൊണ്ടു. സമയമുണ്ടാക്കിത്തന്നെ എന്റെ മക്കള്‍ക്ക് പാടവും തോടും കാണിച്ചു കൊടുത്തു. പാടത്തെ ചെളിയില്‍നിന്ന് ഇര തിരയാനും ചൂണ്ടയിടാനും പഠിപ്പിച്ചു. വെള്ളം കുറയുന്ന സമയത്ത് അവരെ തോട്ടില്‍ കൊണ്ടുപോയി തോര്‍ത്ത് വലയാക്കി പൊടിമീന്‍ പിടിച്ചു കൊടുത്തു. ടോണി 'ഫിഷിംഗ് റോഡ് 'എന്ന് എയര്‍പോര്‍ട്ടില്‍ അവതരിപ്പിച്ച് കൊണ്ടുവന്ന ചൂണ്ടയുമായി ഞാന്‍ മക്കളേയും കൂട്ടി കഴിഞ്ഞ അവധിക്കാലത്ത് പാടത്തുപോയി. തോട്ടില്‍നിന്ന് ചൂണ്ടയിട്ടുപിടിച്ച കുറച്ച് പള്ളത്തികളും പരലുകളും ഈര്‍ക്കില്‍കോര്‍മ്പയില്‍ കോര്‍ത്ത് ഞങ്ങള്‍ തിരിച്ചുപോരുമ്പോള്‍ ആവേശവും അഭിമാനവും ഓളം തല്ലുന്ന ആ കുഞ്ഞു കണ്ണുകളില്‍ ഞാന്‍ കണ്ടു.. എന്നെത്തന്നെ. ആവേശമൊട്ടും ചോരാത്ത എന്റെ കുട്ടിക്കാലത്തെ!







Monday, April 23, 2012

ആനക്കാര്യം.


ഏറ്റവും ആദ്യത്തെ പോസ്ടുകളിലോന്നാണ്. അന്ന് യൂനികൊഡിനെക്കുറിച്ചു വല്യ പിടിപാടില്ലാര്‍ന്നു. അതുകൊണ്ട് ജെപെഗ് ആണ് അപ്ലോഡ് ചെയ്തത്. വായിക്കാന്‍ പ്രയാസമായിരുന്നു. വീണ്ടും ഒന്ന് ഉഷാറാക്കാമെന്നു കരുതി. പൂരമല്ലേ!!


ആനക്കാര്യം.


എനിക്ക് ആനകളോട് ഇഷ്ടം തുടങ്ങിയതെന്നാണ്?!!
എന്തൊരു ബാലിശമായ ചോദ്യം. 
ഞാനാരാണെന്നു സ്വയം ചോദിക്കുന്നതുപോലുണ്ട്.

മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന ആപ്പിള്‍ ബലൂണുകള്‍ക്കിടയിലൂടെ അപ്പന്റെ കൈ പിടിച്ച് പുത്തുക്കാവ് താലപ്പൊലിയിലേയ്ക്ക് നടന്നു കയറുമ്പോള്‍ ചെണ്ടയിലാഞ്ഞുപതിക്കുന്ന കോലുകള്‍ക്കും ഇടക്കിടെ മുകളിലേയ്ക്കുയരുന്ന കൊമ്പുകള്‍ക്കുമപ്പുറത്ത് നെറ്റിപ്പട്ടമണിഞ്ഞ്, മുറം പോലുള്ള ചെവികളാട്ടി പ്രൗഢിയില്‍ നിരന്നുനില്‍ക്കുന്ന കൊമ്പന്‍മാരുടെ രൂപമാണ് എന്റെ മനസ്സിലെ ആദ്യത്തെ ആനയോര്‍മ്മ! താലപ്പൊലി കഴിഞ്ഞ് ചിറയിലെ വെള്ളത്തില്‍ ചരിഞ്ഞുകിടന്ന് കുളിക്കുന്ന ആനയുടെ ചിത്രവും അനുബന്ധമായുണ്ട്. ഉരച്ചു കഴുകുന്ന പാപ്പാന്‍മാര്‍ക്ക് സഹായമെന്നവണ്ണം ഇടയ്ക്കിടെ തുമ്പിയുയര്‍ത്തി വെള്ളം ചീറ്റിച്ചു കൊടുക്കുന്നത് കാണാന്‍ കൂടുതല്‍നേരം നില്‍ക്കാന്‍ സമ്മതിക്കാത്തതിനുള്ള പിണക്കത്തിനിടയിലും ആനക്കിത്രേം കറുപ്പുണ്ടെന്ന് അന്നാണ് മനസ്സിലായത്. അതു വരെ ഉള്ളിലുണ്ടായിരുന്നത് ചെമ്മണ്ണു നിറത്തിലുള്ള ആനയായിരുന്നു.

ഒന്നില്‍ പഠിക്കുമ്പോളാണ് ആനയെ വരച്ചു തുടങ്ങിയത്. വീട്ടുപണികളില്‍ സഹായിക്കാനുണ്ടായിരുന്ന ബാലേട്ടനായിരുന്നു ഗുരു. പശുവിന് പരുത്തിക്കുരു അരയ്ക്കുന്നതിനിടയില്‍ തണ്ടികയുടെ തറയില്‍ ബാലേട്ടന്‍ ആനയെ വരയ്ക്കും. ഞാനത് നോക്കി സ്‌ളേറ്റിലും പിന്നെ വീടിന്റെ ഇറയത്തും വര തുടങ്ങും. രണ്ടാം ക്ലാസിലായപ്പോള്‍ പെന്‍സിലുകൊണ്ടും കരിക്കട്ടകൊണ്ടും ചുവരിലായി വര. മെയിന്‍ വിഷയം ആന തന്നെ! അമ്മാമ്മയുടെ വക നല്ല ഒന്നാംതരം ചീത്ത കേള്‍ക്കാം. എന്നാലും ആനയെ വരയ്ക്കാനുള്ള എന്റെ കഴിവിന് ഇത്തിരി അംഗീകാരങ്ങളൊക്കെ കിട്ടിയിരുന്നു.

എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയെ എളുപ്പവഴി തെരഞ്ഞെടുത്ത് കൊയ്ത്തു കഴിഞ്ഞ പാടത്തുകൂടെ പാപ്പാന്‍ നടത്തിയതും കാല് ചേറില്‍ പുതഞ്ഞ് നടക്കാന്‍ പ്രയാസപ്പെട്ട ആന ചിഹ്‌നം വിളിച്ചതും കണ്ടുനിന്ന ആളുകള്‍  'ആനയിടഞ്ഞേ.....' എന്നലറിക്കൊണ്ടോടിയതും ഒരു ദിവസം സ്‌കൂളുവിട്ട് വരുന്ന വഴിയിലായിരുന്നു. അത് രണ്ടാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോളാണ്. അന്നാണ് മുഴുനീളത്തിലൊരു ചിഹ്‌നം വിളി കേട്ടതും.

അക്കൊല്ലം തന്നെയാണ് തറവാടു ഭാഗം വച്ചത്. പിന്നെ കുറേ മാസങ്ങള്‍ അമ്മവീട്ടിലായിരുന്നു. അവിടെയെങ്ങും ആനകളെ കണ്ടിട്ടേയില്ല. പിന്നെ, മനക്കുളങ്ങരയിലേയ്ക്ക് താമസം മാറ്റി. അവിടെ അമ്പലവും ഉത്‌സവവുമൊക്കെയുണ്ടെങ്കിലും ആനകളില്ലായിരുന്നു. കാവടിയും കലാപരിപാടികളും ആനകള്‍ക്കു പകരമാവില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആശ്വാസമായി കൊല്ലം തോറും മുടങ്ങാതെ പുത്തുക്കാവില്‍നിന്ന് പറയെടുക്കാന്‍ ആന വരും. ശംഖുവിളിക്കു പിറകേ വെളിച്ചപ്പാടിന്റെ അരമണിയുടേയും ചിലമ്പിന്റേയും ശബ്ദമെത്തും. ചെവി വട്ടം പിടിച്ചിരിക്കുന്നത് മറ്റൊരു ശബ്ദത്തിനായാണ്, ആനയുടെ ചങ്ങലകിലുക്കത്തിനായി!. വേലിക്കരികിലെ സ്ഥിരം വീക്ഷണകേന്ദ്രത്തില്‍ കണ്ണും കാതും കൂര്‍പ്പിച്ചുനില്‍ക്കുമ്പോള്‍ കാണാം.. കുത്തുവിളക്കിനും ചെണ്ടയുടെ താളത്തിനും പുറകില്‍ കറുപ്പില്‍ കടഞ്ഞെടുത്ത്, സൗന്ദര്യവും കരുത്തും സമം യോജിപ്പിച്ച വിസ്മയം! ചെവികളാട്ടി, താളത്തില്‍ നടന്ന് അവനിങ്ങടുത്തുവരുമ്പോള്‍ മനസ്സ് വേറൊരു ലോകത്തായിരിക്കും.

പറയെടുപ്പ് കഴിഞ്ഞ് ആനപോയാല്‍ റോഡിനു സമാന്തരമായി പോകുന്ന കനാലിന്റെ തിണ്ടില്‍ വട്ടത്തില്‍ കുഴികള്‍ കാണാം. ആനയുടെ നടന്നുപോക്കിന്റെ ബാക്കിപത്രങ്ങളാണ്.. കാല്‍പ്പാടുകള്‍. മഴ പെയ്താല്‍ അതില്‍ വെള്ളം കെട്ടിനില്‍ക്കും. അതില്‍ താമസമാക്കിയ തവളക്കുട്ടികളെ കാലുകൊണ്ട് ഒറ്റത്തട്ടിന് തെറിപ്പിക്കലും ഈര്‍ക്കില്‍ കുരുക്കിട്ടു പിടിക്കലും അന്നത്തെ നേരംപോക്കുകളായിരുന്നു.

ആനകളെക്കുറിച്ച് കേട്ടും കണ്ടും വായിച്ചും കൂടുതല്‍ അറിഞ്ഞുകൊണ്ടിരുന്ന അപ്പര്‍ പ്രൈമറി കാലഘട്ടത്തിലാണ് 'ബ്യൂട്ടിഫുള്‍ പീപ്പിള്‍' കാണാന്‍ പോയത്. വായിച്ചുമാത്രം അറിഞ്ഞിരുന്ന ആഫ്രിക്കന്‍ ആനകളെ ദൃശ്യമായി കണ്ടത് അപ്പോള്‍ മാത്രം. ഒറ്റ നോട്ടത്തില്‍ ഇഷ്ടപ്പെട്ടില്ല. പക്ഷേ, ചെവിയ്ക്ക് അന്നേ കൊടുത്തു നമ്മുടെ ആനകളേക്കാള്‍ മാര്‍ക്ക്. ഏതോ മരത്തിന്റെ കായകള്‍ തിന്ന് ഫിറ്റായ ആനകളെ ആ ചലച്ചിത്രത്തില്‍ കണ്ടത് ഇന്നും ഓര്‍മ്മയുണ്ട്.

ഹൈസ്‌കൂളില്‍ മലയാളം ക്ലാസ്സില്‍ മഹാഭാരതയുദ്ധത്തിനിടയില്‍ ഭഗദത്തന്റെ ആനയെക്കുറിച്ചുള്ള വിവരണമുണ്ട്. ദിക്കുകള്‍ നടുങ്ങുന്ന ചിഹ്‌നം വിളിച്ച് പാണ്ഢവപക്ഷത്തെ തേരുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ആന. ഭീമനതിനെ വധിക്കുമെങ്കിലും ഹൃദയത്തിലിന്നും ആ യുദ്ധവീരന്‍ ചിഹ്‌നം വിളി കേള്‍ക്കാം. ഒപ്പം അശ്വത്ഥാത്മാവിനു പകരം വധിക്കപ്പെടേണ്ടി വന്ന ആ പേരുള്ള ആനയുടെ രോദനവും.

മൈസൂരിലേയ്ക്കുള്ള യാത്രാമദ്ധേയാണ് ആദ്യമായി കാട്ടാനകളെ കണ്ടത്. റോഡ് നിറഞ്ഞ് നില്‍ക്കുകയായിരുന്നു രണ്ട് കൊമ്പന്‍മാരും പിന്നെ പിടികളും കുട്ടികളുമൊക്കെയായി ഇരുപതിരുപത്തഞ്ചോളം വരുന്ന കൂട്ടം. പുല്ലു വലിച്ച് മേലുതട്ടിക്കുടഞ്ഞ് ചെമ്മണ്ണുനിറത്തിലായിരുന്നു എല്ലാം. ബസ്സിന്റെ ഗ്ലാസുകള്‍ക്ക് പുറകില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന ഞങ്ങള്‍ക്കു തൊട്ടടുടുത്തുകൂടെ വളരെ പതുക്കെ അവ കാട്ടിലേയ്ക്ക നടന്നു കയറി. ചെറിയ കുട്ടികള്‍ക്കു ചുറ്റും വലയം തീര്‍ത്ത്, തണുപ്പും തണലും മൂടിയ കാനനത്തിന്റെ ഇരുളിലേയ്ക്ക് നടന്നു മറയുന്ന ആ ആനക്കൂട്ടം ജീവിതത്തില്‍ കണ്ട ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നാണ്.

ആനയെ തൊടുക, ആനയുടെ കാലിനിടയിലൂടെ അപ്പുറത്തു കടക്കുക, ആനപ്പുറത്തു കയറുക തുടങ്ങിയ വീരശൂരപരാക്രമങ്ങള്‍ക്കായി എത്ര കൊല്ലം കാത്തിരുന്നു. ചുവപ്പു കലര്‍ന്ന ആനക്കണ്ണുകളില്‍ അലസതയോ നിര്‍വ്വികാരതയോ ആണ് അന്ന് തോന്നിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞ പരാക്രമങ്ങളിലൊന്നും ഒരു കീഴടക്കലിന്റെ മനസ്സുഖം കിട്ടിയിട്ടുമില്ല. മറിച്ച് 'ഞാന്‍ കാലു പൊക്കിത്തന്നില്ലെങ്കില്‍ നീ ഒരുപാട് കേറിയേനെ' എന്ന് ഒരു ഭാവമാണ് ആനയില്‍ ഉണ്ടായതെന്നു തോന്നുന്നു.

ഇടഞ്ഞുനില്‍ക്കുന്ന ഒരു കൊമ്പനെ കണ്ടത് ഒരു ക്ഷേത്രമതില്‍ക്കെട്ടിന് പുറത്താണ്. കൊടുങ്ങല്ലൂരില്‍. ഒരു നാടകം ബുക്കു ചെയ്യാനിറങ്ങിയതായിരുന്നു, ആറേഴുപേരുള്ള സംഘത്തില്‍. അപ്പോളാണ് ഇഷ്ട കക്ഷികളില്‍ പെട്ടൊരാള്‍ മദം പൊട്ടി അവിടെ തളയ്ക്കപ്പെട്ട വിശേഷമറിഞ്ഞത്. ഒരാഴ്ചയോളമായി ഒരാളെപ്പോലുമടുപ്പിക്കാതെ പൊടി വാരിപ്പുശി, തലയും തുമ്പിയുമാട്ടി, ഉച്ചത്തില്‍ ശ്വാസം വലിച്ചുവിട്ട് നില്‍ക്കുകയാണ് ഒരു കിടിലന്‍ ആന. പിണ്ടത്തിന്റെ ഗന്ധവും ഒടിച്ചുമടക്കിയിട്ടിരിക്കുന്ന തെങ്ങോലകളും രംഗത്തിന് മാറ്റുകൂട്ടുന്നുണ്ട്. ആ രൗദ്രസൗന്ദര്യം എനിക്ക ങ്ങു പിടിച്ചു. തലേന്ന്, വെള്ളം കൊടുക്കാന്‍ ചെന്ന പാപ്പാനെ ഓലമടല്‍ കൊണ്ടടിച്ചെത്രേ. കരുതിയിരുന്നതു കൊണ്ട് മേലു കൊണ്ടില്ല. 'മൂന്നു പേരെ പലപ്പോഴായി പൂശിയവനാ..' തുടങ്ങിയ കമന്റുകളുമായി പത്തമ്പതുപേര്‍ ചുറ്റുമുണ്ട്. ആസ്വാദനത്തിന്റെ പരകോടിയില്‍ നില്‍ക്കുമ്പോളാണ് ഞങ്ങളുടെ കൂട്ടത്തിലെ ലീഢര്‍ക്കു ഒരു പൂതിയിളകിയത്. ആനയ്ക്ക് പഴം കൊടുക്കണം! വീര്യം കൂട്ടുന്ന സാധനം അകത്തുള്ളതുകൊണ്ടും അങ്ങേരുടെ സ്വഭാവം ശരിക്കറിയാവുന്നതുകൊണ്ടും ആളെ തടഞ്ഞുനിറുത്താന്‍ വാക്കുകൊണ്ടുള്ള പാഴ്ശ്രമങ്ങളേ ഉണ്ടായുള്ളൂ. തൊട്ടടുത്ത കടയില്‍നിന്നു വാങ്ങിയ ഒരു ചെറിയ കുല പഴം ആനയ്ക്ക് തൊട്ടടുത്തുചെന്ന് അങ്ങേര് കൂളായി ആനയ്ക്കു കൊടുത്തു. ആന അത് കൂള്‍ കൂളായി വാങ്ങിക്കഴിക്കുകയും ചെയ്തു. മദിച്ചു വരുന്ന ആനയ്ക്കുനേരെ ആക്രോശിച്ചുകൊണ്ടു നടന്നടുത്ത ഭീമനെപ്പറ്റി രണ്ടാമൂഴത്തില്‍ വായിച്ചിരുന്നു. അതിന്റെ ആവര്‍ത്തനമല്ലേ എന്നൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ ഒരു ദീര്‍ഘനിശ്വാസം വിടാനാണു തോന്നിയത്. എന്തൊരു മണ്ടത്തരമായിരുന്നു എന്നും, ഒരു നിലയ്ക്കും അതനുവദിക്കരുതായിരുന്നെന്നും ഇപ്പോള്‍ തോന്നാറുണ്ട്. ആന പഴത്തില്‍ മയങ്ങിയില്ലായിരുന്നെങ്കില്‍? പക്ഷേ ധൈര്യത്തിനെ മാനിക്കുന്ന വീരന്റെ ചിത്രമാണു മനസ്സിലിന്നുമുള്ളത്.

നന്ദിക്കരയിലെ തടിമില്ലില്‍ ഒരാനയുണ്ടായിരുന്നു. ആന തടിപിടിക്കുന്നത് കാണുന്നതിനുവേണ്ടി മാത്രം അവിടെ ബസിറങ്ങിയിട്ടുണ്ട്. ഒരു കാഴ്ച തന്നെയാണത്. തടിയില്‍ കുരുക്കിയ കയറിന്റെ അറ്റം കടിച്ചുപിടിച്ച് തുമ്പിക്കൈയുടെ സഹായത്തോടെ അവന്‍ ലോറിയിലേയ്ക്കു വലിച്ചടുപ്പിക്കും. പിന്നെ മസ്തകം കൊണ്ട് തള്ളിക്കയറ്റും. ഇപ്പോളവിടെ ക്രെയിന്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

പൂരക്കാലമെത്തിയാല്‍, ആനയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന തൃശൂര്‍ക്കാരുടെ കൂടി ആനവിശേഷങ്ങളുടെ നീണ്ടകഥകള്‍ കേള്‍ക്കും. കവളപ്പാറക്കൊമ്പനും ഗുരുവായൂര്‍ കേശവനും മുതല്‍ ശിവസുന്ദറും പരമേശ്വരനും പത്മനാഭനും വരെ കഥാപാത്രങ്ങളായി അരങ്ങുതകര്‍ക്കും. പൂരം കാണലെന്നാല്‍ ആനയെക്കാണലും കൂടിയാണെന്ന് ഉറപ്പിച്ചത് തൃശൂര്‍ പൂരം കാണാന്‍ പോയിത്തുടങ്ങിയ നാളുകളിലാണ്.

ആനകളുടെ ഏക്കത്തുകയില്‍ റെക്കോഡ് സ്ഥാപിക്കുന്ന സമീപപ്രദേശങ്ങളിലെ സകലപൂരങ്ങളും ഏറ്റവുമധികം ആനകളെ ഒരുമിച്ച് എഴുന്നെള്ളിക്കുന്നത് കാണാവുന്ന സര്‍വ്വദേവീദേവ സംഗമമായ ആറാട്ടു പുഴ പൂരവും കളിഞ്ഞാണ് പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം വരുന്നത്.

പൂരത്തലേന്ന് ചമയങ്ങളും കണ്ടിറങ്ങിയാല്‍ പിന്നെ കൊമ്പന്‍മാരെ കാണാന്‍ പോക്കായി. കുളിയും കഴിഞ്ഞ് സുന്ദരന്‍മാരായി അവരിങ്ങനെ വിശ്രമിക്കുന്നുണ്ടാവും. തൊട്ടടുത്തു കാണാനും തൊട്ടു നോക്കാനുമൊക്കെയായി ചുറ്റുമൊരുപാടാളുകളും. കഴുത്തില്‍ തൂങ്ങുന്ന ചങ്ങലയിലെ പേരെഴുതിയ ലോക്കറ്റില്‍ നോക്കി ആനയെ തിരിച്ചറിയുന്ന ഭൂരിഭാഗത്തിനിടയില്‍ ഏതിരുളിലും ഉയരവും എടുപ്പും പ്രകൃതവും നോക്കി ഓരോ ആനയേയും തിരിച്ചറിയുന്ന ഉഗ്രന്‍ ആനപ്രേമികളുമുണ്ടാവും. അങ്ങനെയുള്ള ഒരാളെ തപ്പിപ്പിടിച്ച് ഒന്ന് സോപ്പിട്ടാല്‍ ഒന്നാതരം വിവരണം കിട്ടും.

പൂരത്തിന് ആനകളുടെ ബഹളമാണ്. രാവിലെ മുതല്‍ ചെറു പൂരങ്ങള്‍ വന്നു തുടങ്ങും. അത് കണ്ട് ആവേശത്തിലായിത്തുടങ്ങുമ്പോള്‍ പാറമേക്കാവിന്റെ മുന്നില്‍, വെയിലില്‍ വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളണിഞ്ഞ് മേളത്തിനനുസരിച്ച് വട്ടത്തില്‍ വീശി നിശ്ചലമാകുന്ന ആലവട്ടങ്ങള്‍ക്കും വെണ്‍ചാമരങ്ങള്‍ക്കും മോഹനമായ പട്ടുകുടകള്‍ക്കും കീഴെ ചെവികളാട്ടി താളം പിടിച്ച് പതിനഞ്ചാനകള്‍! എത്ര മനോഹരമായ കാഴ്ച യാണെന്നോ. അപ്പോള്‍ പരസ്പരം മുട്ടിയുരുമ്മി മഠത്തില്‍ വരവിന്റെ താളത്തില്‍ തിരുവമ്പാടിയുടെ ആനകള്‍ ശ്രീമൂലസ്ഥാനത്തേയ്ക്ക് നീങ്ങുന്നുണ്ടാവും.

ഇലഞ്ഞിത്തറമേളം കഴിഞ്ഞ് തെക്കോട്ടിറങ്ങി പാറമേക്കാവിലമ്മയുടെ ആനകള്‍ അമ്പലത്തിന് അഭിമുഖമായി നില്‍ക്കുമ്പോള്‍ ലക്ഷക്കണക്കിന് കണ്ണുകള്‍ തെക്കേ ഗോപുരവാതിലിലായിരിക്കും.  തിരുവമ്പാടിയുടെ തിടമ്പണിഞ്ഞ കൊമ്പന്‍ ഗോപുരവാതില്‍ കടന്നുവരുമ്പോള്‍ എങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കാന്‍ തോന്നും!
അസ്തമയസൂര്യന്റെ ശോഭയ്ക്കുകീഴെ, ആര്‍ത്തുവിളിക്കുന്ന ജനലക്ഷങ്ങള്‍ക്കിടയില്‍ അഭിമുഖമായിനിന്ന് കുടമാറ്റം നടത്തുന്ന മുപ്പത് കൊമ്പന്‍മാര്‍. ഈ മനോഹരദൃശ്യത്തിനു പകരം വെയ്ക്കാന്‍ എന്തുണ്ട്.

ഒരു കൊല്ലം പകല്‍പ്പൂരത്തിനിടയില്‍ കൂട്ടാനയുടെ തട്ടുകൊണ്ടു വിരണ്ട് ഒരു കൊമ്പന്‍ ഓടിയതും 'ചാടരുത്' എന്ന പാപ്പാന്‍മാരുടെ വിളിച്ചുപറയലുകള്‍ക്ക് ചെവി കൊടുക്കാതെ ഒരു വീരന്‍ താഴെക്കു ചാടിയതും ഓര്‍മ്മയുണ്ട്. കൃത്യമായി ലാന്‍ഡ് ചെയ്ത അങ്ങേര്‍ക്ക്പുറകേ മുകളിലിരുന്ന മറ്റൊരുവനും ചാടി. ഓടുന്ന ആനയുടെ പിന്‍കാലില്‍ തട്ടി വന്നുവീണത് കൃത്യം മുന്‍കാലിനു ചുവട്ടില്‍! നടുങ്ങിപ്പോയ ഞങ്ങള്‍ക്ക് അവിശ്വസനീയതയുടെ ഒരു രംഗം നല്‍കാനെന്നവണ്ണം ആന അയാളെ ചവിട്ടാതെ കാല് മാറ്റിവച്ച് നീങ്ങിപ്പോയി. സവിശേഷ ബുദ്ധിയുള്ള ഒരു ജീവിക്കുമാത്രം ചെയ്യാവുന്ന ഒരു കാര്യം. ആനയ്ക്ക് ഹൃദയത്തില്‍ ഒരു ഗ്രേസ് മാര്‍ക്ക് കൂടി നല്‍കി.

രണ്ടു മൂന്നു വര്‍ഷം മുന്‍പ് നിരന്നുനില്‍ക്കുന്ന ആനകളെ ഫ്രെയിമിലാക്കുമ്പോളാണ് കഷ്ടി ഒന്നര മീറ്റര്‍ അപ്പുറത്തു നിന്ന കൊമ്പന്‍ എന്റെ നേരെ തിരിഞ്ഞത്. ഓടി മാറുന്നതിനിടയില്‍ കണ്ടു, പതിനഞ്ചാനയും തിരിഞ്ഞു കഴിഞ്ഞു. അങ്ങേയറ്റത്തുനിന്ന ഒരാന പെട്ടെന്നു വിരണ്ടു തിരിഞ്ഞതിന്റെ തുടര്‍ച്ചയായിരുന്നു എല്ലാം. അന്നോടി മാറുന്നതിനിടയില്‍ എവിടെയോ തട്ടി വീണിട്ടും ചാടിയെണീറ്റ് ഞാന്‍ രണ്ടുമൂന്നു പടങ്ങളെടുത്തു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ആനയ്ക്ക് തിരിയാന്‍ കഴിയുമെന്നും വളരെ വേഗത്തില്‍ ആനകള്‍ക്ക് നീങ്ങാന്‍ കഴിയുമെന്നും അന്നറിഞ്ഞു.

ആന മദിച്ചോടി, ആന ഇടഞ്ഞു തുടങ്ങിയ വാര്‍ത്തകള്‍ പണ്ടു കാലത്ത് ഒരുപാടു വായിച്ചതായി ഓര്‍മ്മയില്ല. ഒരുപക്ഷേ ഇത്രയും വാര്‍ത്താ വിനിമയ സൗകര്യം അന്നില്ലാത്തതിനാലാവണം. പക്ഷേ, ഇപ്പോള്‍ ചാനലായ ചാനലുകളിലും ഇന്റര്‍നെറ്റിലും പത്രങ്ങളിലുമെല്ലാം ചേറ്റുവയിലും ഇരിങ്ങാലക്കുടയിലും മറ്റു പലയിടങ്ങളിലും ആനകള്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ നിരനിരയായി കാണാം. ഇതെല്ലാം കണ്ടും കേട്ടും മനസ്സിലെ ആരാധന പേടിയിലേയ്ക്ക് വഴി മാറിയോ എന്നൊരു സംശയം. ആനയുടെ നിസ്സംഗത പ്രതിഫലിപ്പിച്ചിരുന്ന ചുവന്ന കണ്ണുകളില്‍ ഇപ്പോള്‍ തെളിയുന്നത് ക്രൗര്യമാണോ?

പറ്റാവുന്നതില്‍ കൂടുതല്‍ പണിയെടുപ്പിക്കപ്പെട്ട്, വിശ്രമം കിട്ടാതെ, ചുട്ടുപൊള്ളുന്ന വെയിലത്ത് ടാറിലൂടെ കിലോമീറ്ററുകള്‍ നടത്തപ്പെട്ട്, ഒരു യന്ത്രം കണക്കെ കഴിയേണ്ടി വരുമ്പോള്‍ ജീവനുണ്ടായിപ്പോയതിനാല്‍ ചില സമയങ്ങളില്‍ ആനകള്‍ പ്രതികരിച്ചു പോകുന്നതാവണം.

കൊമ്പുകള്‍ക്കും തുമ്പിക്കുമിടയില്‍ പനമ്പട്ടയും പിടിച്ച് റോഡിലൂടെ നടന്നുവരുന്ന ആനയെക്കാണുമ്പോള്‍ ഇപ്പോള്‍ ആദ്യമുയരുന്നത് പേടിയാണോ? അല്ല.. അത് ആരാധനയും ആദരവും സൗന്ദര്യവും ധൈര്യവുമെല്ലാം കലര്‍ന്ന ഒരു പ്രത്യേക അവസ്ഥയാണ്.. ആനയെന്ന വികാരമാണ്!